റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം. പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അറിയിച്ചു. ആക്രമണത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച വിമാനത്താവള സമുച്ചയത്തിന് നേരെ രണ്ട് ഘട്ടങ്ങളിലായാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തിൽ വിമാനത്താവളത്തിലെ പൊതുസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടാമത്തെ ആക്രമണത്തിൽ ടെർമിനലിൽ നിർത്തിയിട്ടിരുന്ന സൗദി അറേബ്യൻ എയർലൈൻസിന്റെ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു.
സംഭവസമയത്ത് വിമാനത്തിനുള്ളിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സുരക്ഷാ പരിശോധനകളും ആവശ്യമായ ക്രമീകരണങ്ങളും പൂർത്തിയാക്കിയതിനു പിന്നാലെ വ്യാഴാഴ്ച വൈകിട്ട് ആറു മണി മുതൽ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റിയും സൗദിയ ഗ്രൂപ്പും അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതിനും പതിവ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾക്കും യാത്രക്കാരുടെ സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകുകയാണ് അധികൃതർ.


