തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്ഐആർ വേഗത്തിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികളുമായി വിജിലൻസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്ത് പരിശോധിച്ച് സൂക്ഷ്മതയോടെ എഫ്ഐആർ തയ്യാറാക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചതോടെയാണ് നടപടി വേഗത്തിലാക്കിയത്. എഫ്ഐആറിൽ പിഴവുകൾ ഉണ്ടാകരുതെന്നും കർശന നിർദേശമുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ അല്ലെങ്കിൽ തിങ്കളാഴ്ചയോടെ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരെ പ്രതികളാക്കിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുക. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും സർക്കാർ അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതും കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതും സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടെന്നിരിക്കെ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ഇതിനുപിന്നാലെ, സിഎംആർഎല്ലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപടികൾ വേഗത്തിലാക്കുമെന്നാണ് സൂചന. അതേസമയം, വിജിലൻസ് ഓഫീസ് അവധിയാണെങ്കിലും ഉദ്യോഗസ്ഥരോട് ഇന്ന് ഓഫീസിലെത്താൻ നിർദേശമുണ്ട്. വിജിലൻസിന്റെ പ്രത്യേക യൂണിറ്റാകും കേസ് അന്വേഷിക്കുക.




