Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി.എസ്.സി രാഷ്ട്രീയവൽക്കരിക്കപ്പെടുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിന്റെ അഭിമാന സർവീസ് എന്ന് ഭരണാധികാരികൾ വിശേഷിപ്പിച്ച കെ.എ.എസ് പരീക്ഷയുടെ നടത്തിപ്പിലും പി.എസ്.സി ക്രമക്കേട് കാട്ടിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. കെ.എ.എസിന് പുറമേ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പരീക്ഷകളിൽ തട്ടിപ്പ് നടന്നതായാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. ഈ നിയമനക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവുമായി പി.എസ്.സി. ചെയർമാനും അംഗങ്ങളും സഹകരിക്കാത്തത് അംഗീകരിക്കാനാകില്ല. ഹൈക്കോടതിതന്നെ ഇക്കാര്യത്തിൽ ആച്ചര്യപെട്ടിരിക്കുകയാണ്.

‘‘വസ്തുത അറിയാവുന്നവർ എന്ന നിലയിലല്ലേ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. പ്രതിയെന്ന നിലയിൽ അല്ലല്ലോ. ഇക്കാര്യത്തിൽ നിങ്ങൾക്ക് ധാർമികവും നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമുണ്ട്’’ -ഇതാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് എ. ബദറുദീൻ കഴിഞ്ഞദിവസം പി.എസ്.സി. അധികാരികളോടു പറഞ്ഞത്. 58 മാർക്കിന്റെ ഉത്തരം മൂല്യനിർണയം നടത്താത്തത് പ്രത്യക്ഷ അഴിമതിയല്ലേ എന്ന് ചോദിച്ചുകൊണ്ട് പി.എസ്.സിയോട് അന്വേഷണത്തിൽ സഹകരിക്കാത്തത് എന്തുകൊണ്ട് എന്നും ആരാഞ്ഞിരിക്കുകയാണ് ഹൈക്കോടതി.

ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യംചെയ്ത് പി.എസ്.സി. നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്ളാനിംഗ് ബോർഡ് ചീഫ് നിയമനത്തിൽ സ്വന്തം പാർട്ടിക്കാർക്ക് വേണ്ടി പി.എസ്.സി കാട്ടിയ കേട്ടുകേൾവിയില്ലാത്ത തിരിമറികൾ അന്വേഷണ സംഘത്തിന് മാത്രമല്ല ഇപ്പോൾ നാട്ടുകാർക്കാകെ ഏതാണ്ട് ബോദ്ധ്യമായിട്ടുണ്ട്. 180 പരാതികളാണ് പി.എസ്.സിക്ക് എതിരെയുള്ളതെന്നും സമൻസ് നൽകിയിട്ടും ചെയർമാനടക്കം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയെ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ബദറുദ്ദീൻ പി.എസ്.സിയെ രൂക്ഷമായി വിമർശിച്ചത്. എന്നാൽ, രണ്ട് ഉദ്യോഗസ്ഥർക്കു നേരേയാണു കേസെന്നും അതിന് പി.എസ്.സി. എന്തിനാണ് കോടതിയെ സമീപിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി ബോധിപ്പിച്ചു.

വിശദവാദത്തിനായി കേസ് 13-ലേക്കു മാറ്റിയിരിക്കുകയാണ്. മൂല്യനിർണയം നടത്താത്തത് ക്ളറിക്കൽ എറർ എന്ന മട്ടിലാണ് പി.എസ്.സി ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. അതൊരു ക്ളറിക്കൽ തെറ്റല്ല, മറിച്ച് സ്വന്തക്കാരെ കുടിയിരുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. മറച്ചുവയ്ക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെ അന്വേഷണസംഘം ആവശ്യപ്പെടുന്ന വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് മടിക്കേണ്ട കാര്യവും ഇല്ലല്ലോ.

എന്നാൽ, കാലക്രമേണ പി.എസ്.സി. അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ അതിന്റെ പ്രവർത്തനങ്ങളിൽ സമ്മർദ്ദങ്ങളും സ്വാധീനങ്ങളും വലുതായിട്ടുണ്ട്. അതതുകാലത്തു ഭരിക്കുന്ന പാർട്ടികളുടെ നിയന്ത്രണത്തിലാണ്, സ്വതന്ത്ര സ്വഭാവമുണ്ടായിരിക്കേണ്ടതായ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. അതിനാൽ തന്നെ പി.എസ്.സി. ചെയർമാൻ, അംഗങ്ങൾ തുടങ്ങിയവരൊക്കെ രാഷ്ട്രീയനോമിനികളാണ്. കഴിഞ്ഞവർഷങ്ങളിൽ പി.എസ്.സി. നടത്തിയ പല പരീക്ഷകളും നിയമനങ്ങളും സംശയനിഴലിലാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്(കെ.എ.എസ്.), അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ റാങ്കുപട്ടികകളിൽ എൽ.ഡി.എഫ്. പ്രവർത്തകരും അനുഭാവികളും വലിയതോതിൽ കടന്നുകൂടിയതായി ആരോപണമുയർന്നിരുന്നു.

അടുത്തകാലത്തെ ഡിവൈ.എസ്.പി. റാങ്കുപട്ടികയെക്കുറിച്ചും സംശയങ്ങളുന്നയിക്കപ്പെടുകയുണ്ടായി. ഇതിനുപിന്നാലെയാണ് സംസ്ഥാന ആസൂത്രണബോർഡിലെ ചീഫ് തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷയിലെ ക്രമക്കേട് പുറത്തുവന്നത്. ഐ.ജി അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് മൂന്ന് പരീക്ഷകളുടെ ചോദ്യപേപ്പർ പോലും പുറത്തുപോയന്നതടക്കം സംശയിക്കുന്നത്. ഇത്തരം സർവീസുകളിൽ അന്നത്തെ ഭരണകക്ഷിയുമായി ബന്ധമുള്ള ചിലർ കയറിപ്പറ്റിയതായും സൂചനയുണ്ട്.

ആസൂത്രണബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്‌സപെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്ക് 2023 ജൂലായ് 13-നു നടത്തിയ പ്രാഥമികപരീക്ഷയിലെ പത്തു ചോദ്യങ്ങളുടെ ഉത്തരം പുനർമൂല്യനിർണയം പോലും ചെയ്തിട്ടില്ല. നൂറുമാർക്കിന്റെ പേപ്പറിൽ 58 മാർക്കിനുള്ള ഭാഗങ്ങളാണ് ഇങ്ങനെ വിട്ടുപോയത്. ഓൺസ്‌ക്രീൻ മാർക്കിങ് സംവിധാനത്തിലൂടെ മൂല്യനിർണയംനടത്തിയപ്പോൾ ഈ ഭാഗങ്ങൾ പരിശോധകർക്ക് കൈമാറാൻ വിട്ടുപോയെന്നായിരുന്നു പി.എസ്.സി.യുടെ വിശദീകരണം.

വിവരാവകാശക്കമ്മിഷന്റെ ഇടപെടലിലൂടെ വീഴ്ച പുറത്തുവരുന്ന ഘട്ടമായപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് പി.എസ്.സി. പിഴവ് സമ്മതിച്ചത്. വിശദമായ അന്വേഷണത്തിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. കെ.എ.എസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് തെളിഞ്ഞാൽ ആ പരീക്ഷയുടെ നടത്തിപ്പ് പി.എസ്.സിയിൽ നിന്ന് എടുത്തുമാറ്റാനുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അതിനായി യു.പി.എസ്.സി മാതൃകയിൽ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കണം.

അതുപോലെ പി.എസ്.സിക്ക് ഇത്രയും കൂടുതൽ അംഗങ്ങൾ ആവശ്യമുണ്ടോ എന്നും ആലോചിക്കേണ്ടതാണ്. ഭാരിച്ച ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി നാട്ടിലെ ഉദ്യോഗാർത്ഥികളെ പറ്റിക്കുന്നത് അത്ര സുഖമുള്ള കാര്യമൊന്നുമല്ല. ഭരണഘടനാ സ്ഥാപനമെന്ന ലേബൽ അട്ടിമറി നടത്താനുള്ള മറയാക്കി മാറ്റേണ്ടതില്ല. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ യുവജനങ്ങൾ തെരുവിലേക്കിറങ്ങേണ്ട സാഹചര്യം തന്നെ ഉണ്ടയേക്കാം. അത്തരത്തിലുള്ള യുവജന പ്രക്ഷോപങ്ങൾക്കാണല്ലോ കുറച്ചുനാളുകളായി രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർജോലിക്കുള്ള നിയമനപ്രക്രിയ നടപടിക്രമങ്ങൾ പാലിച്ചും പക്ഷപാതരഹിതമായും സമ്മർദമുക്തമായും നടത്തപ്പെടേണ്ടതാണെന്നതിൽ സംശയമില്ല. പക്ഷേ, അതല്ല സംഭവിക്കുന്നതെന്നതാണു വസ്തുത. ആ അവസ്ഥയ്ക്കു മാറ്റംവരണം. അതുകൊണ്ടുതന്ന പി.എസ്.സി ചെയർമാനും അംഗങ്ങളും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ചെന്ന് അറിയാവുന്ന വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix