കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി നടത്തിയ പരിശോധനയിൽ കുവൈത്തിൽ പ്രതികൾ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് സുരക്ഷാ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. മയക്കുമരുന്ന് വിൽപന, ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ, സർക്കാർ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധനകൾ.
ആദ്യ കേസിൽ, ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ശ്രീലങ്കൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. സ്വകാര്യ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ അർദിയ മേഖലയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിലും ജോലി ചെയ്യുന്ന വീടിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നതായി കണ്ടെത്തി. തൊഴിലുടമയുടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ സംശയം തോന്നാത്ത രീതിയിലായിരുന്നു മയക്കുമരുന്ന് കടത്തെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റാമിൻ അടങ്ങിയ ബാഗുകളുമായി ഇയാളെ പിടികൂടി. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വീട്ടുടമയുടെ അനുമതിയോടെ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്നും കണ്ടെത്തി.
ശ്രീലങ്കയിലുള്ള വ്യക്തികൾക്ക് അയച്ച 6,573 കുവൈത്തി ദീനാറിന്റെ പണമിടപാട് രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കുവൈത്തിന് പുറത്തുള്ള ഒരാളുടെ സഹായത്തോടെയാണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായും അധികൃതർ അറിയിച്ചു.
അതേസമയം, ഗാർഹിക തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും വീടുകളിലും തൊഴിലിടങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.




