കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയിൽ വീട്ടമ്മയ്ക്ക് മുഖത്ത് പരിക്കേറ്റു. പ്രദേശത്തെ നാലോളം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുണ്ടായത്.
അടുക്കളയിൽ പാൽപ്പാത്രം എടുക്കാൻ പോയപ്പോഴാണ് ചെറുപൈക്കാട്ട് ഗീതയ്ക്ക് (60) പരിക്കേറ്റത്. വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ച് മുഖത്തേക്ക് തെറിക്കുകയായിരുന്നു.
കളരിക്കണ്ടി ഒഴിയിൽ ഭാഗത്ത് ചേനോത്ത് സജീവന്റെ വീട് ഉൾപ്പെടെ നാലോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ചുമർ തകർന്നിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തിൽ ഭൂമി കുഴിഞ്ഞ് ഗർത്തം രൂപപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.
വീടുകളിലെ വൈദ്യുത വയറിങ്ങുകൾ കത്തിനശിക്കുകയും മോട്ടോറുകൾ, പ്രധാന സ്വിച്ച് ബോർഡുകൾ, ഫാനുകൾ, ലൈറ്റുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈദ്യുതി പുനഃസ്ഥാപിച്ചാൽ മാത്രമേ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂ.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. ഹിതേഷ്‌കുമാർ എന്നിവർ അപകടമുണ്ടായ വീടുകൾ സന്ദർശിച്ചു.


