ഡർബൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയ. പ്ലേയിങ് ഇലവനിലെ 11 താരങ്ങളും 30 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായാണ് ഓസീസ് മത്സരത്തിനിറങ്ങിയത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് 30 വയസ്സിൽ താഴെയുള്ള ഒരു താരം പോലുമില്ലാത്ത ടെസ്റ്റ് ടീം കളത്തിലിറങ്ങുന്നത്.
ഡർബനിലെ കിങ്സ്മീഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ ശരാശരി പ്രായം 34.59 വയസ്സാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഏഴാമത്തെ പ്ലേയിങ് ഇലവനെന്ന നേട്ടവും ഓസീസ് സ്വന്തമാക്കി. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ടീമെന്ന പ്രത്യേകതയും ഈ ഇലവനുണ്ട്.
38 വയസ്സുള്ള സ്പിന്നർ നഥാൻ ലിയോണാണ് ടീമിലെ ഏറ്റവും പ്രായം കൂടിയ താരം. 30 വയസ്സുള്ള മാറ്റ് റെൻഷോയാണ് ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത് (37), മിച്ചൽ സ്റ്റാർക്ക് (36), അലക്സ് കാരി (35), ജോഷ് ഹേസൽവുഡ് (35) എന്നിങ്ങനെ അഞ്ച് താരങ്ങൾക്ക് 35 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി ഓപ്പണിങ് സ്ഥാനങ്ങളിൽ വിവിധ താരങ്ങളെ പരീക്ഷിച്ചിരുന്ന ഓസ്ട്രേലിയൻ ടീമിൽ 30 വയസ്സിൽ താഴെയുള്ള ഒരു താരമെങ്കിലും ഇടംപിടിക്കാറുണ്ടായിരുന്നു. എന്നാൽ 34 വയസ്സുള്ള നിക് മാഡിൻസണെ ടീമിലേക്ക് തിരിച്ചുവിളിച്ചതോടെയാണ് ഇത്തവണത്തെ പ്ലേയിങ് ഇലവൻ അപൂർവ റെക്കോർഡിന് ഉടമയായത്.




