ഇടുക്കി: ഉടുമ്പൻചോലയിൽ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം നേതാക്കൾ തന്നെ സമീപിച്ചെന്ന കോൺഗ്രസ് നേതാവ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. സിപിഎം നേതാക്കൾ സമീപിച്ചതിന്റെ ശബ്ദരേഖ കൈവശമുണ്ടെങ്കിൽ അത് പുറത്തുവിടാൻ ഇബ്രാഹിംകുട്ടി കല്ലാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം അണികളെപ്പോലും സ്വാധീനിക്കാൻ കഴിയുന്ന അമാനുഷികനാണോ ഇബ്രാഹിംകുട്ടി കല്ലാറെന്ന് വർഗീസ് ചോദിച്ചു. ഇക്കാര്യത്തിൽ സിപിഎമ്മിന് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം നേതാക്കൾ തന്നെ സമീപിച്ചുവെന്നതിന് തെളിവായി ശബ്ദരേഖ പുറത്തുവിടട്ടെയെന്നും അതിനുശേഷം പാർട്ടി പ്രതികരിക്കാമെന്നും സി.വി. വർഗീസ് പറഞ്ഞു.
കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്തിയത് സിപിഎം നേതാക്കൾ തന്നെയാണെന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണം. ഇതിനായി സിപിഎം നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നും ഇതിന്റെ ശബ്ദരേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
നെടുങ്കണ്ടത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഇബ്രാഹിംകുട്ടി കല്ലാർ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ആരോപണം തെളിയിക്കാൻ ശബ്ദരേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.




