ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ബിജെപി മരണവെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിയുടെ നടപടികൾ അവരുടെ തന്നെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡൽഹി ഇതുവരെ കാണാത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ പരിഭ്രാന്തിയിലാണെന്നും അതിന്റെ ഭാഗമായാണ് ഡൽഹിയിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ നടക്കുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനമൊഴിയുന്നതുവരെ സമരം തുടരുമെന്നും രാജ്യത്തുടനീളം പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.



