തിരുവനന്തപുരം: മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. കണ്ണൂർ സ്വദേശി ടോമി കുര്യൻ (49) ആണ് അറസ്റ്റിലായത്. മുട്ടട സ്വദേശിയുടെ മകന് മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തതെന്നാണ് പരാതി.
മംഗലാപുരത്തെ കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംഡി റെസ്പിറേറ്ററി മെഡിസിന് പ്രവേശനം നൽകാമെന്ന് പറഞ്ഞാണ് പ്രതി പണം കൈക്കലാക്കിയത്. സ്വന്തം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് 95 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ പ്രവേശനം നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല. ഇതോടെയാണ് പരാതിക്കാരൻ പേരൂർക്കട പൊലീസിനെ സമീപിച്ചത്.
അന്വേഷണത്തിൽ പാലാരിവട്ടം, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലും ടോമി കുര്യനെതിരെ സമാനമായ പ്രവേശന തട്ടിപ്പ് കേസുകളുണ്ടെന്ന് കണ്ടെത്തി. പേരൂർക്കട എസ്.എച്ച്.ഒ പ്രദീപ് പി.യുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം മണിപ്പാലിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




