കണ്ണൂർ: ലോക കത്തെഴുത്ത് ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ച് കണ്ണൂർ ഉദയഗിരിയിലെ പ്രത്യാശ യു.പി. സ്കൂളിലെ വിദ്യാർഥികൾ. കുട്ടികളുടെ കത്തിന് മുഖ്യമന്ത്രി സ്നേഹപൂർവം മറുപടി നൽകിയതും സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതും ശ്രദ്ധേയമായി.
സ്കൂളിലെ വിശേഷങ്ങളും ഓണാഘോഷത്തിന്റെ ഓർമകളും പങ്കുവെച്ചുകൊണ്ടാണ് കുട്ടികൾ മുഖ്യമന്ത്രിക്ക് കത്തയച്ചത്. മുഖ്യമന്ത്രിയുടെ ചിരി തങ്ങൾക്ക് പ്രചോദനമാണെന്നും കത്തിൽ കുട്ടികൾ കുറിച്ചു. സമയത്തിന് ഭക്ഷണം കഴിക്കണമെന്നും അസുഖം വരുത്തരുതെന്നും അവർ സ്നേഹത്തോടെ ഉപദേശിച്ചു.
തങ്ങളുടെ സ്കൂളിലെ പൂർവവിദ്യാർഥിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സ്കൂൾ സന്ദർശിച്ചതിലുള്ള സന്തോഷവും കുട്ടികൾ കത്തിലൂടെ പങ്കുവെച്ചു. നഗരങ്ങളിലെ സ്കൂളുകളിലേതുപോലെ തങ്ങൾക്കും സ്മാർട്ട് ക്ലാസ് മുറികൾ വേണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു.
കുട്ടികളുടെ കത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി, അവരുടെ സ്നേഹവും കരുതലും തന്നെ ഏറെ സന്തോഷിപ്പിച്ചെന്ന് അറിയിച്ചു. സമയത്ത് ഭക്ഷണം കഴിക്കണമെന്ന കുട്ടികളുടെ ഉപദേശം പ്രത്യേകം ഓർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കണമെന്ന കുട്ടികളുടെ ആവശ്യത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതുസംബന്ധിച്ച് ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്കൂൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മറുപടിയിൽ വ്യക്തമാക്കി. ലോക കത്തെഴുത്ത് ദിനത്തിൽ ലഭിച്ച ഈ കത്ത് നല്ലൊരു ഓർമയായി സൂക്ഷിക്കുമെന്നും കുട്ടികളെ നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി അവസാനിപ്പിച്ചത്.




