കൊച്ചി: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ പള്ളുരുത്തി ഇല്ലത്തുനഗറിൽ 15-ഓളം വീടുകൾക്ക് നാശനഷ്ടം. വീടുകളിലെ ടെലിവിഷൻ, ഫ്രിഡ്ജ്, കംപ്യൂട്ടർ, ഫാൻ തുടങ്ങിയ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. ചില വീടുകളുടെ ഭിത്തികളിൽ വിള്ളലുകളും ഉണ്ടായി.
മിന്നൽ തീഗോളം താഴേക്ക് പതിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഷറഫുദ്ദീന്റെ വീട്ടിലെ വയറിങ് പൂർണമായും കത്തിനശിച്ചു. വീടിന്റെ ടെറസിനും കേടുപാടുകൾ സംഭവിച്ചു. കെ.എസ്. അനിൽകുമാർ, എ.കെ. ഷിബു, പി.എസ്. സുജിത്ത്, അൻസാർ, സുരേഷ്, ജോളി ജോർജ്, ജുനൈദ് എന്നിവരുടെ വീടുകളിലും വൈദ്യുതോപകരണങ്ങൾ നശിച്ചു. ഇടിമിന്നലിൽ നാശനഷ്ടമുണ്ടായ വീടുകൾ ദീപക് ജോയ് എംഎൽഎ സന്ദർശിച്ചു.




