ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾ. രാജ്യത്ത് ഏകാധിപത്യത്തിന് സമാനമായ സാഹചര്യമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും നേതാക്കൾ ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
അടിയന്തരാവസ്ഥയെക്കുറിച്ച് കേട്ടതിനേക്കാൾ ഗുരുതരമായ സംഭവങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്ന് സിജെപി നേതാക്കൾ പറഞ്ഞു. മോദിയും അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അവർ വ്യക്തമാക്കി. സിജെപി കോ-കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ്, ലീഗൽ ഹെഡ് രത്ന സിങ്, പോളിസി ലീഡ് മെഹർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വിമാനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് ആരോപണം
വിമാനത്തിൽ കയറിയ തങ്ങളെ പൊലീസ് ബലമായി കൊണ്ടുപോകുകയായിരുന്നുവെന്ന് സൗരവ് ദാസ് ആരോപിച്ചു. അഭിജീത് ദീപ്കെയുടെ മുത്തശ്ശി മരിച്ച വിവരം അറിയിച്ചപ്പോഴും പൊലീസ് മോശമായി പെരുമാറിയെന്നും മാതാപിതാക്കളോട് സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് നടപടികളിലൂടെ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും സൗരവ് ദാസ് ആരോപിച്ചു. വനിതാ പൊലീസിനെ ഉപയോഗിച്ചാണ് ഫോൺ പിടിച്ചെടുത്തതെന്നും ഫോണിലെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഹാഷ് വാല്യൂ ഉൾപ്പെടുന്ന സീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമർശനം
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ടും നേതാക്കൾ ചോദ്യങ്ങൾ ഉന്നയിച്ചു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രതിഷേധങ്ങൾക്ക് നന്ദി അറിയിച്ച അവർ, എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പോരാട്ടത്തിൽ ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധം തുടരുമെന്നും സർക്കാരിന്റെ നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി.




