റഷ്യ: സൈബീരിയയിലെ പ്ലേഗ് ഗവേഷണ ലാബിൽ ജോലി ചെയ്തിരുന്ന ടെക്നീഷ്യന്റെ മരണത്തെ തുടർന്ന് റഷ്യയിൽ ആശങ്ക. എന്നാൽ യുവതിയുടെ മരണത്തിന് കാരണം പ്ലേഗ് ആണെന്ന് സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.
തിരിച്ചറിയാൻ കഴിയാത്ത രോഗാണു മൂലമുണ്ടായ ന്യൂമോണിയയാണ് മരണകാരണമെന്നാണ് റഷ്യൻ ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. നടത്തിയ പരിശോധനകളിൽ പ്ലേഗ് ബാധയോ മറ്റ് അപകടകാരികളായ രോഗാണുക്കളുടെ സാന്നിധ്യമോ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ മരണകാരണം തിരിച്ചറിയാത്ത രോഗാണു മൂലമുള്ള ന്യൂമോണിയയായാണ് കണക്കാക്കിയിരിക്കുന്നത്.
രോഗാണു ഏതാണെന്ന് കണ്ടെത്താത്തതിനാൽ രോഗത്തിന്റെ ഉറവിടവും വ്യക്തമല്ല. മരിച്ച യുവതി ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയായതിനാൽ ജോലിസ്ഥലത്തെ സമ്പർക്ക സാധ്യതയും പരിശോധിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ഗുരുതരമായ രോഗാണുബാധയോ സമാനമായ മറ്റ് കേസുകളോ റിപ്പോർട്ട് ചെയ്തതായി ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നില്ല. എങ്കിലും ലാബുമായി ബന്ധപ്പെട്ട സമ്പർക്ക സാധ്യത പൂർണമായും തള്ളിക്കളയാനാകില്ലെന്നും സംഘടന അറിയിച്ചു.
മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ മെഡിക്കൽ പരിശോധനകളും രോഗവ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങളും ലബോറട്ടറി പരിശോധനാ ഫലങ്ങളും ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഷെലെഖോവിലെ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന 28കാരിയായ ഡാരിയ ഷിപിലോവയാണ് മരിച്ചത്. ഇവരുടെ മരണത്തിന് പിന്നാലെയാണ് പ്ലേഗ് ബാധയെക്കുറിച്ചുള്ള ആശങ്ക ഉയർന്നത്. എന്നാൽ നിലവിൽ പ്ലേഗ് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ചരിത്രത്തിൽ വലിയ തോതിൽ മരണങ്ങൾക്ക് കാരണമായ രോഗമാണ് പ്ലേഗ്. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ പടർന്നുപിടിച്ച ‘ബ്ലാക്ക് ഡെത്ത്’ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു. പിന്നീട് ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും പ്ലേഗ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1990കൾക്കുശേഷം ലോകത്ത് റിപ്പോർട്ട് ചെയ്ത പ്ലേഗ് കേസുകളിൽ ഭൂരിഭാഗവും ആഫ്രിക്കയിലാണ്.
കൃത്യസമയത്ത് രോഗം കണ്ടെത്തി അനുയോജ്യമായ ആന്റിബയോട്ടിക് ചികിത്സ നൽകിയാൽ പ്ലേഗ് ഭേദമാക്കാൻ സാധിക്കും. എന്നാൽ റഷ്യയിലെ ലാബ് ടെക്നീഷ്യന്റെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.




