കൊച്ചി: മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം തേന്മാവിൻ കൊമ്പത്ത് റീ റിലീസിന് പിന്നാലെ വീണ്ടും വാർത്തകളിൽ. 4K ദൃശ്യ മികവിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയിലും ഒരുക്കിയ ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പിലെ ‘എന്റെ മനസ്സിലൊരു നാണം’ എന്ന പ്രശസ്ത ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ എട്ടിനാണ് ചിത്രം പുതുക്കിയ സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലെത്തിയത്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ബേണി–ഇഗ്നേഷ്യസ് സംഗീതം പകർന്ന ഗാനം എം.ജി. ശ്രീകുമാറും സുജാത മോഹനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായ ഇതിന്റെ പുതിയ ദൃശ്യാവിഷ്കാരം ആരാധകർക്ക് പഴയ ഓർമകൾ വീണ്ടും സമ്മാനിക്കുകയാണ്.
മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം രചനയും സംവിധാനവും നിർവഹിച്ചത് പ്രിയദർശനാണ്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് ചിത്രം നിർമിച്ചത്.
റീ റിലീസിനായി മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം 4Kയിൽ റീമാസ്റ്റർ ചെയ്തത്. ഒറിജിനൽ 35 എം.എം. നെഗറ്റീവ് 4Kയിൽ സ്കാൻ ചെയ്ത് ഡിജിറ്റലായി പുനഃസ്ഥാപിച്ചാണ് പുതിയ പതിപ്പ് ഒരുക്കിയത്. ചിത്രത്തിന്റെ യഥാർഥ ഭാവവും ദൃശ്യസൗന്ദര്യവും നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്.
ഛായാഗ്രാഹകൻ കെ.വി. ആനന്ദിന്റെ മികവാർന്ന ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയോടെ ബിഗ് സ്ക്രീനിൽ ആസ്വദിക്കാമെന്നതും റീ റിലീസിന്റെ പ്രത്യേകതയാണ്.
4K ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകർഷണമാണ്. ചിത്രത്തിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ശബ്ദങ്ങൾക്കും കൂടുതൽ തിയറ്റർ അനുഭവം നൽകുന്ന രീതിയിലാണ് പുതിയ സൗണ്ട് മിക്സ് ഒരുക്കിയിരിക്കുന്നത്.
ബേണി–ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ പുതിയ സാങ്കേതിക മികവിൽ ചിത്രം വീണ്ടും തിയറ്ററുകളിലെത്തിയത് പഴയ തലമുറയ്ക്കും പുതിയ പ്രേക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവമാകുന്നു.
ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.
പഴയകാല മലയാള സിനിമയുടെ ദൃശ്യഭംഗിയും സംഗീതമാധുര്യവും പുതിയ സാങ്കേതിക മികവിൽ വീണ്ടും ആസ്വദിക്കാനുള്ള അവസരമാണ് തേന്മാവിൻ കൊമ്പത്തിന്റെ റീ റിലീസ് ഒരുക്കുന്നത്.




