ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ രാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആശുപത്രിയിലെത്തി ജോൺ ബ്രിട്ടാസിനെ സന്ദർശിച്ചു. നെഞ്ചിലേറ്റ പരിക്കുകൾ പരിശോധിക്കുന്നതിനായി എക്സ്-റേ, സ്കാനിങ് പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കി.
പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നാണ് ജോൺ ബ്രിട്ടാസ് ആരോപിച്ചത്. നാല് പൊലീസുകാരാണ് മർദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വാഹനത്തിനുള്ളിൽ സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖത്ത് അമർത്തി മർദിക്കുകയായിരുന്നു. താൻ എംപിയാണെന്ന് അറിയിച്ചിട്ടും മർദനം തുടർന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മർദനത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും ബ്രിട്ടാസ് വ്യക്തമാക്കി. പിന്നീട് ഓട്ടോറിക്ഷയിലാണ് അദ്ദേഹം തിരിച്ചെത്തിയത്. തന്നെ മർദിക്കുന്ന വിവരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് (ഡിസിപി) അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്നാണ് വിട്ടയച്ചതെന്നും ബ്രിട്ടാസ് ആരോപിച്ചു. തുടർന്ന് തന്നെ വഴിയിൽ ഇറക്കിവിട്ടതായും അദ്ദേഹം പറഞ്ഞു. ഒരു എംപിയോട് പോലും ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.




