മുംബൈ: പ്രണയബന്ധം തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച കാമുകിയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലാണ് സംഭവം. തരന്നും ബഷീർ നായിക് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകനായ ശ്രീപദ് ദിനകർ വാഡു (25) പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിന് പിന്നാലെ ഭുദർഗഡ് പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ നായിക്വാഡിക്ക് സമീപമാണ് സംഭവം നടന്നത്. ഗാർഗോട്ടിയിലെ അവധൂത് കോളനിയിൽ എതിർ വീടുകളിൽ താമസിച്ചിരുന്ന ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. മഹാഗാവിലെ കോളേജിൽ എൻജിനീയറിങ് വിദ്യാർഥിനിയായിരുന്നു തരന്നം. വീട്ടുകാർ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെയാണ് ശ്രീപദുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചത്.
ബന്ധം തുടരാൻ താൽപര്യമില്ലെന്ന വിവരം തരന്നം അറിയിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ സംസാരിക്കാനെന്ന വ്യാജേന ശ്രീപദ് യുവതിയെ നായിക്വാഡിയിലെ ആഴമേറിയ കൊക്കയ്ക്ക് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വിവാഹം നിശ്ചയിച്ചെന്നും ഇനി ബന്ധം തുടരാനാകില്ലെന്നും തരന്നം ആവർത്തിച്ചതോടെ പ്രകോപിതനായ ശ്രീപദ് യുവതിയെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ യുവതി മരിച്ചു.
കുറ്റകൃത്യത്തിന് പിന്നാലെ തരന്നത്തെ കാണാനില്ലെന്ന് വരുത്തിത്തീർത്ത് കൊലപാതകം മറച്ചുവെക്കാൻ ശ്രീപദ് ശ്രമിച്ചു. എന്നാൽ പിന്നീട് ഭുദർഗഡ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. സംഭവമറിഞ്ഞ തരന്നമിന്റെ ബന്ധുക്കൾ ഗാർഗോട്ടിയിലെ ജില്ലാ ആശുപത്രിയിലെത്തി. ബന്ധുക്കൾ കൂട്ടത്തോടെ എത്തിയതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. ശ്രീപദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




