കോഴിക്കോട്: ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ എം.ഇ.ടി കോളേജിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. രണ്ട് വിദ്യാർഥികളെ ഒരു സംഘം ചേർന്ന് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച കോളേജിലെ സീനിയർ, ജൂനിയർ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. രണ്ട് ദിവസത്തെ അവധിക്കുശേഷം കോളേജ് തുറന്നതോടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തർക്കം ആദ്യം വാക്കേറ്റത്തിലും പിന്നീട് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു.
സ്കൂട്ടറിൽ പോവുകയായിരുന്ന രണ്ട് വിദ്യാർഥികളെ ബൈക്കുകളിലും മറ്റുമായി പിന്നാലെയെത്തിയ സംഘം തടഞ്ഞുനിർത്തി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോളേജ് ക്യാമ്പസിൽ തുടങ്ങിയ സംഘർഷം പിന്നീട് തുണേരി പട്ടാണിയിലേക്കും നാദാപുരം താലൂക്ക് ആശുപത്രി പരിസരത്തേക്കും വ്യാപിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പൊലീസ് വിദ്യാർഥികളെ പിരിച്ചുവിടാൻ ലാത്തിവീശി. പരിക്കേറ്റ വിദ്യാർഥികൾ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങിയതായാണ് വിവരം. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി ആരും പരാതി നൽകിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.




