ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വ്യോമപാത നിയന്ത്രണങ്ങളും ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളെ ബാധിക്കുന്നതോടെ ദുരിതത്തിലായി പ്രവാസികൾ. തുടർച്ചയായ വിമാന റദ്ദാക്കലുകളും സർവീസ് നിയന്ത്രണങ്ങളും യാത്രക്കാരുടെ യാത്രാപദ്ധതികളെയും മടക്കയാത്രകളെയും പ്രതിസന്ധിയിലാക്കുകയാണ്.
സൗദി അറേബ്യയിലേക്കുള്ള റിയാദ്, ദമ്മാം, ജിദ്ദ തുടങ്ങിയ റൂട്ടുകളിലാണ് വിവിധ വിമാനക്കമ്പനികൾ സർവീസ് നിയന്ത്രണങ്ങളും റദ്ദാക്കലുകളും പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ ചില സൗദി സർവീസുകൾ നവംബർ 30 വരെ നിർത്തിവെച്ചിട്ടുണ്ട്. ഇത്തിഹാദ് എയർവേയ്‌സും അബുദാബി–റിയാദ്, അബുദാബി–ദമ്മാം സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയിട്ടുണ്ട്.
കേരളത്തിന് കനത്ത തിരിച്ചടി
വിമാന സർവീസുകളിലെ കുറവ് കേരളത്തെയാണ് കൂടുതൽ ബാധിക്കുന്നത്. 2026 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ കേരളത്തിൽനിന്നുള്ള വിമാന സർവീസ് ശേഷിയിൽ 28.6 ശതമാനം ഇടിവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 24.6 ലക്ഷം സീറ്റുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ച് ജോലി ചെയ്യുന്ന മലയാളികൾക്ക് വിമാന സർവീസുകളിലെ അനിശ്ചിതത്വം വലിയ വെല്ലുവിളിയാണ്. യാത്ര മുടങ്ങുന്നതും മടക്കയാത്ര വൈകുന്നതും കുടുംബങ്ങളെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്നു. തൊഴിൽ മേഖലയിലെയും വരുമാനത്തിലെയും ആശങ്കകളും പ്രവാസികൾക്കിടയിൽ ശക്തമാകുകയാണ്.
വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനാൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്നാണ് നിർദേശം.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകുന്നതും വിമാന സർവീസുകൾ സാധാരണ നിലയിലാകുന്നതും കാത്തിരിക്കുകയാണ് പ്രവാസി സമൂഹം.


