ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ അതിക്രമിച്ച് കയറിയെന്ന കേസിൽ അറസ്റ്റിലായ മൂന്ന് സിജെപി നേതാക്കളെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും.
ബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ജന്തർ മന്തറിൽ പ്രവേശിച്ചതിനും പൊലീസിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനുമാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഇവരെ മന്ദിർ മാർഗിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്നാണ് കോടതി അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കേസിൽ അപ്പീൽ നൽകുമെന്ന് സിജെപി നേതാക്കൾ അറിയിച്ചു. രാജ്യത്തിന്റെ ഭരണം ഭരണഘടനയ്ക്കും നിയമങ്ങൾക്കും അനുസരിച്ചായിരിക്കണമെന്ന് അജിൻക്യ ഷിൻഡെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമർശിച്ച അദ്ദേഹം, കേന്ദ്രസർക്കാരിന്റെ ഭരണം ബ്രിട്ടീഷ് ഭരണത്തിന് തുല്യമാണെന്നും ആരോപിച്ചു. പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തുന്നത് കുറ്റമാണോയെന്ന് സിജെപി സ്ഥാപക നേതാവ് അഭിജിത് ദീപ്കെയും ചോദിച്ചു. ബുധനാഴ്ച രാവിലെ ഡൽഹിയിലെത്തിയ അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചു. എതിർസ്വരങ്ങളെ അടിച്ചമർത്താനാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ അത് തുറന്നുപറയണമെന്നും ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബുധനാഴ്ചയും ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുമെന്നാണ് സൂചന. ഉച്ചയോടെ ഡിവൈഎഫ്ഐ–എസ്എഫ്ഐ, എഐഎസ്എഫ്–എഐവൈഎഫ് സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.




