കൊച്ചി: പാമ്പാകുട ബാർ പരിസരത്ത് ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കാക്കൂർ വെട്ടിമൂട് കദളിക്കാട്ട് വീട്ടിൽ ബെന്നി (63), വെട്ടിമൂട് മുറ്റത്ത് കുന്നേൽ വീട്ടിൽ രവി (54) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബാറിൽനിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികൾ വെട്ടിമൂട് സ്വദേശിയായ റീജോയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
2019ൽ റീജോയും ബെന്നിയും തമ്മിലും കഴിഞ്ഞ വർഷം റീജോയും രവിയും തമ്മിലും അടിപിടി നടന്നിരുന്നു. ഈ സംഭവങ്ങളിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ എം.പി. എബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.



