ന്യൂഡൽഹി: സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബോയിംഗ് 787-9 വിഭാഗത്തിൽപ്പെട്ട എഐ 2030 വിമാനമാണ് ജയ്പൂരിൽ ഇറക്കിയത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കൂടുതൽ പരിശോധനകൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റി. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ പരിശോധന നടത്തിവരികയാണ്.
വിമാനം മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലൂടെ സഞ്ചരിക്കുമ്പോൾ പൈലറ്റ് ‘സ്ക്വാക്ക് കോഡ് 7500’ ഉപയോഗിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. വിമാനം തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ നിയമവിരുദ്ധമായ ഇടപെടൽ സൂചിപ്പിക്കുന്ന അന്താരാഷ്ട്ര അടിയന്തര കോഡാണിത്. തുടർന്നാണ് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്.
വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന വിവരം ലഭ്യമായിട്ടില്ല. വിമാനം സുരക്ഷിതമായി ഇറക്കിയശേഷം പൈലറ്റുമാരെയും യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഘട്ടംഘട്ടമായി പുറത്തിറക്കി. യാത്രക്കാരെയും അവരുടെ ലഗേജുകളെയും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.




