Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാല് മാസത്തിനുള്ളിൽ വിദേശത്തേക്ക് പറന്നത് 9 മന്ത്രിമാർ, 8 പേർക്കും അനുമതിയില്ല; മന്ത്രി ഷാജിയുടെ പ്രാ​ഗ് യാത്ര മുഖ്യമന്ത്രി പോലും അറിയാതെയോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഇപ്പോൾ അഞ്ച് മാസങ്ങൾ തികയുന്നു. ഇക്കാലയളവിൽ ഒട്ടും കുറവില്ലാതിരുന്നത് ഒരു കാര്യത്തിന് മാത്രം-വിവാദങ്ങൾ. അതിലൊന്നായിരുന്നു മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ യാത്രകൾ. മുഖ്യമന്ത്രിയുടേത് ഹെലികോപ്റ്റർ-ചാർട്ടേഡ് ഫ്ളൈറ്റ് യാത്രകളാണ് വിവാദമായതെങ്കിൽ മറ്റ് മന്ത്രിമാരുടെ വിദേശ യാത്രകളാണ് സർക്കാരിനെ വെട്ടിലാക്കിയത്. ഇനി കുറച്ച് കണക്കുകളിലേക്ക് പോകാം.

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഈ നാലര മാസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് ഒമ്പത് മന്ത്രിമാരാണ്. ഇതിൽ ഒന്ന് മാത്രമാണ് ഔദ്യോഗിക സന്ദർശനം. ബാക്കി എല്ലാ മന്ത്രിമാരുടെയും വിദേശയാത്രകൾ വ്യക്തിപരമായിരുന്നുവെന്നും ഇവയുടെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ യുഎഇ സന്ദർശനം മാത്രമാണ് ഔദ്യോഗിക സന്ദർശനമായി ഉണ്ടായിരുന്നത്. ഒരു മന്ത്രിയുടെയും വിദേശയാത്രയ്ക്ക് കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. കെ.കെ. രാമചന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, എം. വിജിൻ, ഒ.എസ്. അംബിക എന്നിവരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലായിരുന്നു. യാത്രകളുടെ ചെലവ് വഹിച്ചത് ആരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല എന്നതും ശ്രദ്ധേയം. അതിപ്പോൾ സ്വന്തം യാത്രയുടെ സ്പോൺസർമാർ ആരെന്ന് പറയാത്ത മുഖ്യമന്ത്രി എങ്ങനെ മറ്റ് മന്ത്രിമാരുടെ സ്പോൺസർമാരുടെ പേരുകൾ പുറത്ത് പറയും. ഔദ്യോഗിക യാത്രയുടെ ചെലവുകൾ വഹിക്കുന്നത് സർക്കാരാണ്. മന്ത്രിമാരുടെ യാത്ര, താമസം എന്നിവ സ്പോൺസർ ചെയ്യാൻ വ്യവസ്ഥയുണ്ടോ എന്ന് ചോദ്യത്തിന് ഔദ്യോഗിക യാത്രയിലെ താമസം സംബന്ധിച്ച് പെരുമാറ്റ ചട്ടത്തിൽ വ്യവസ്ഥയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വിദേശയാത്ര നടത്തിയ മന്ത്രിമാരും യാത്ര ചെയ്ത സ്ഥലങ്ങളും നോക്കാം

ഒ ജെ ജനീഷ് – ഒമാൻ, ഖത്തർ
മോൻസ് ജോസഫ് – യു.എസ്.എ.
ടി സിദ്ദിഖ് – സൗദി അറേബ്യ
ബിന്ദു കൃഷ്ണ – ബഹ്റൈൻ
രമേശ് ചെന്നിത്തല – യു.എ.ഇ., യു.എസ്.എ.
​കെ എം ഷാജി – ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലാൻഡ്, യു.എ.ഇ.
പി സി വിഷ്ണുനാഥ് – ബഹ്റൈൻ, യു.എ.ഇ.
വി ഇ അബ്ദുൾ ഗഫൂർ – യു.എ.ഇ.
ഷിബു ബേബി ജോൺ – യു.എ.ഇ.

ഇതിൽ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലൂടെ നടത്തിയ യാത്രയാണ് കൂട്ടത്തിൽ ഏറ്റവും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ 26 വരെയാണ് മന്ത്രി യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചത്. സഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് മന്ത്രിക്ക് അനുമതി ലഭിച്ചിരുന്നത്. അദ്ദേഹത്തിന്റെ എല്ലാ വിദേശയാത്രകളും വ്യക്തിപരമായിരുന്നു, ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിരുന്നില്ല. എന്നാൽ, ഈ നാല് രാജ്യങ്ങൾക്ക് പുറമെ അദ്ദേഹം ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗും സന്ദർശിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

പക്ഷേ മന്ത്രി പറയുന്നത് ബൾഗേറിയയിലേക്കുള്ള യാത്രയുടെ ഭാഗമായി പ്രാഗ് വഴി കടന്നുപോവുക മാത്രമാണ് ചെയ്തതെന്നും യാത്രാമധ്യേയുള്ള ട്രാൻസിറ്റ് മാത്രമായിരുന്നു ഇതെന്നുമാണ്. പാസ്‌പോർട്ടിൽ പ്രാഗ് എൻട്രി പോലുമില്ലെന്നും ആവശ്യമായ എല്ലാ അനുമതികളോടെയുമാണ് യാത്രകളെല്ലാം നടത്തിയതെന്നുമെല്ലാം മന്ത്രി ഷാജി പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര നിസാരമല്ല.

ഈ പ്രാഗ് യാത്രയിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. യാത്രയുടെ പ്രാഥമിക വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു കഴിഞ്ഞു. കെ എം ഷാജിയുടെ യാത്രാ ഉദ്ദേശ്യം രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും. ക്രിമിനൽ കേസിലെ പ്രതികളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. സർക്കാർ അനുമതിയില്ലാതെ ചെക്ക് റിപബ്ലിക്കിൽ യാത്ര നടത്തിയ മന്ത്രി കെ എം ഷാജി ഒന്നിലധികം ദിവസം അവിടെ ചെലവഴിച്ചെന്നാണ് സൂചന. ഇക്കാര്യത്തിൽ മറുപടി പറയാൻ മുസ്ലീം ലീ​ഗും ബാധ്യസ്ഥരാണ്. മദ്യവ്യവസായി ജോൺ സേവ്യറാണ് യാത്രയുടെ സ്പോൺസറെന്ന ആരോപണം അന്ന് മുതലേ നിലനിൽക്കുന്നുണ്ട്. ഇതിന്റെ തെളിവുകളടങ്ങുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടത് മന്ത്രിയുടേയും മുന്നണിയുടേയും ബാധ്യതയാണ്. നിരവധി തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് ജോൺ സേവ്യർ. കൂടാതെ വ്യജ രേഖ തട്ടിപ്പ് കേസ് പ്രതി ടോം ജോസഫും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഷാജിയുടെ ചെക്ക് റിപബ്ലിക്ക് യാത്ര സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മുൻ മന്ത്രി പി രാജീവ് അടക്കം പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. മറ്റേതൊക്കെ മന്ത്രിമാർ ഇത്തരത്തിൽ അനുമതി വാങ്ങി പോയി, വാങ്ങാതെ പോയി എന്നൊക്കെ ഇനി പുറത്തു വരാനുണ്ട്. ഏത് വണ്ടിയിലും സഞ്ചാരിക്കാം. താൻ സഞ്ചരിക്കുന്നതാണ് മന്ത്രിയുടെ വാഹനം എന്നാണല്ലോ മന്ത്രി പറയുന്നത്. സ്വാഭാവികമായും താൻ പോകുന്നിടത്തെല്ലാം അനുമതി കിട്ടും എന്നായിരിക്കും മന്ത്രി ധരിച്ചിട്ടുണ്ടാവുകയെന്നും പി രാജീവ് പരിഹസിക്കുകയും ചെയ്യുന്നു. മന്ത്രിസഭായോഗം ബുധനാഴ്ച പല രാജ്യങ്ങളിലായി കൂടേണ്ട സാഹചര്യമാണെന്നായിരുന്നു ബിജെപി നേതാവ് ഷോൺ ജോർജിന്റെ പരിഹാസം.

മന്ത്രിമാരുടെ വിദേശ യാത്രകളിൽ പൊളിറ്റിക്കൽ ക്ലിയറൻസ് നിർബന്ധമാണ്. അതില്ലാതെയാണ് യാത്ര നടത്തിയിരിക്കുന്നത് എന്നത് ഗൗരവകരമാണ്. സ്വകാര്യ സന്ദർശനം ആണെങ്കിൽ പൊതു പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല എന്നാണ് ചട്ടം. സാധാരണയായി മുഖ്യമന്ത്രി അനുമതി നൽകിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിനുള്ള അനുമതി മന്ത്രിമാർ തേടേണ്ടത്. ഇതിലാണ് ചെക്ക് റിപബ്ലിക്കിലേക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസിന് മന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടാതിരുന്നത്. എന്തുകൊണ്ടാണ് ഇത് മറച്ചുവെച്ചതെന്ന് അവ്യക്തം. വിദേശ യാത്ര നടത്തിയ ഒൻപത് മന്ത്രിമാരിൽ ഏറ്റവും അധികം കാലം വിദേശത്ത് ഉണ്ടായിരുന്നതും കെ എം ഷാജിയാണ്.

രണ്ട് ഉത്തരവുകളാണ് കെ എം ഷാജിയുടെ വിദേശ യാത്ര സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ബൾഗേറിയയിലെ വേൾഡ് മലയാളി കൗൺസിലിന്റെ പത്താം വാർഷികത്തിൽ പങ്കെടുക്കാനായിരുന്നു ആദ്യ ഉത്തരവ്. അതിന് ശേഷം പുറത്തിറക്കിയ ഉത്തരവിലാണ് ചെക്ക് റിപബ്ലിക്ക് ഒഴികെയുള്ള രാജ്യങ്ങളിലെ യാത്രയെ സംബന്ധിച്ച വിവരങ്ങളുള്ളത്. പ്രഗിലേക്കുള്ള യാത്ര മുഖ്യമന്ത്രിയെ പോലും അറിയിച്ചിട്ടില്ലെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. എന്തായാലും പ്രതിപക്ഷമടക്കം ഇതേറ്റ് പിടിച്ച സ്ഥിതിക്ക് വരും ദിവസങ്ങളിൽ മന്ത്രിയിൽ നിന്നോ സർക്കാരിൽ നിന്നോ ഇക്കാര്യത്തിൽ എന്തെങ്കിലും പുതിയ വിശദീകരണങ്ങൾ വരുമോ എന്ന് കണ്ടറിയാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix