ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തെത്തുടർന്ന് ശ്രദ്ധ നേടിയ കോക്ക്റോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പുതിയൊരു കൂട്ടായ്മ കൂടി ചർച്ചയാകുന്നു. ‘മഖി ജനതാ പാർട്ടി’ (എംജെപി) എന്നാണ് പുതിയ കൂട്ടായ്മയുടെ പേര്. ഹിന്ദിയിൽ ‘മഖി’ എന്ന വാക്കിന്റെ അർഥം ഈച്ച എന്നാണ്.
തുടങ്ങി 72 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ 40 ലക്ഷത്തിലധികം കാഴ്ചക്കാരെയും 3.3 ലക്ഷത്തിലധികം പിന്തുടരുന്നവരെയും നേടിയതായി എംജെപി അവകാശപ്പെട്ടു. ആര്യൻ എന്ന വിദ്യാർഥിയാണ് സംഘടനയുടെ സ്ഥാപകനെന്ന് ഇൻസ്റ്റഗ്രാം പേജിൽ വ്യക്തമാക്കുന്നുണ്ട്. പാർട്ടിക്കായി വക്താക്കളെ തേടുന്നതായുള്ള അറിയിപ്പും പേജിൽ പങ്കുവച്ചിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ പ്രകാരം 2021 ജൂണിൽ ആരംഭിച്ച പേജ്, ‘മഖി ജനതാ പാർട്ടി’ എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പ് എട്ട് തവണ പേരുമാറ്റിയിട്ടുണ്ട്.
ഡൽഹിയിൽ ഒക്ടോബർ 10ന് കോക്ക്റോച്ച് ജനതാ പാർട്ടി നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശമാണ് പുതിയ കൂട്ടായ്മയുടെ പേരിന് പ്രചോദനമായത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പൊതുഗതാഗതം നിയന്ത്രിക്കാമെങ്കിലും എല്ലാ സംവിധാനങ്ങളും പൂർണമായി സ്തംഭിപ്പിക്കാനാകില്ലെന്ന നിരീക്ഷണത്തിനിടെയായിരുന്നു കോടതിയുടെ പരാമർശം.
ഒക്ടോബർ 9ന് കേസ് പരിഗണിക്കവെ, “നിയന്ത്രണങ്ങൾ ഏർപ്പെടുത്താം, എന്നാൽ എല്ലാം പൂർണമായി നിർത്തിവയ്ക്കാനാകില്ല. ഒരു ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കാനാകില്ല” എന്നായിരുന്നു ചീഫ് ജസ്റ്റിന്റെ നിരീക്ഷണം. ഈ പരാമർശമാണ് ‘മഖി ജനതാ പാർട്ടി’ എന്ന പേരിലൂടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.




