തൃശൂര്: മകനെ കള്ളക്കേസിൽ കുടുക്കിയെന്ന പുഴുപ്പറമ്പ് സ്വദേശി നൗഷാദിന്റെ ആരോപണം തള്ളി കേസിലെ അതിജീവിതയുടെ കുടുംബം. അസ്ലം തെറ്റ് ചെയ്തതിന് തെളിവുകളുണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അസ്ലമിനെതിരെ എടുത്തത് കള്ളക്കേസല്ലെന്നും 20 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്തിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.
കൃത്യമായ പരാതികൾ നൽകിയിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളെ വകവയ്ക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. തനിക്കെതിരെയും ഭീഷണിയുണ്ടായിട്ടുണ്ടെന്ന് പെൺകുട്ടിയുടെ സഹോദരി ആരോപിച്ചു. നൗഷാദ് ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടുള്ള വിഡിയോ സന്ദേശം സഹോദരിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കൊടുങ്ങല്ലൂർ പൊലീസ് എടുത്ത കള്ളക്കേസാണ് മകൻ അസ്ലമിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു നൗഷാദിന്റെ ആരോപണം. രണ്ട് മക്കളെയും ഇല്ലാത്ത കേസിൽ കുടുക്കി പൊലീസ് പീഡിപ്പിച്ചെന്നും ഇതിന്റെ മനോവിഷമത്തിലാണ് പ്രായപൂർത്തിയാകാത്ത ഇളയമകൻ ജീവനൊടുക്കിയതെന്നും നൗഷാദ് ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹൻ എന്നിവർക്കും ജുവനൈൽ ജസ്റ്റിസ് ബോർഡിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് നൗഷാദ് ഉന്നയിച്ചത്. പൊലീസ് മകനെ ക്രൂരമായി മർദിച്ചെന്നും ഇത് കണ്ട മൂത്തമകൻ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നെന്നും നൗഷാദ് പറഞ്ഞിരുന്നു. തനിക്കുവേണ്ടി സഹോദരൻ ജയിലിൽ പോയതിലുള്ള മനോവിഷമമാണ് അസ്ലമിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, നൗഷാദിന്റെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. അസ്ലമും സഹോദരൻ സഹലും ചേർന്ന് കുറ്റം ചെയ്തതിന് തെളിവുകളുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ ഇന്നോവ കാർ പിടിച്ചെടുത്തിട്ടുണ്ടെന്നും അന്യായമായി കസ്റ്റഡിയിൽ വെച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.




