ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളത്തിന് തുല്യമായ ഉത്സവ ബോണസ് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 11.4 ലക്ഷം ജീവനക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ദുർഗാപൂജ, ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി അർഹരായ റെയിൽവേ ജീവനക്കാർക്ക് എല്ലാ വർഷവും നൽകിവരുന്ന ഉൽപ്പാദനക്ഷമതാ ബന്ധിത ബോണസാണ് ഇത്തവണയും അനുവദിച്ചത്. റെയിൽവേയുടെ പ്രവർത്തനമികവ് മെച്ചപ്പെടുത്താൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 2,009.61 കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കിവെച്ചിരിക്കുന്നത്.
അർഹരായ നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തേക്ക് ലഭിക്കാവുന്ന പരമാവധി ബോണസ് തുക 17,951 രൂപയാണ്. പ്രതിമാസം 7,000 രൂപ എന്ന ശമ്പളപരിധി അടിസ്ഥാനമാക്കിയാണ് ഈ തുക കണക്കാക്കുന്നത്.
ട്രാക്ക് പരിപാലകർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, സാങ്കേതിക ജീവനക്കാർ, സാങ്കേതിക സഹായികൾ, പോയിന്റ്സ്മാൻമാർ, മന്ത്രാലയ വിഭാഗത്തിലെ ജീവനക്കാർ, മറ്റ് ഗ്രൂപ്പ് സി ജീവനക്കാർ എന്നിവർക്കാണ് ബോണസിന്റെ ആനുകൂല്യം ലഭിക്കുക.
2025–26 സാമ്പത്തിക വർഷത്തിൽ റെയിൽവേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.



