CMRL– എക്സാലോജിക്, ഹവാലക്കേസുകളിൽ പഴുതടച്ചുള്ള നിയമപോരാട്ടവുമായി തന്നെ മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. ഈ നടക്കുന്നതെല്ലാം EDയുടെ രാഷ്ട്രീയ വേട്ടയെന്ന നിലപാട് തന്നെയാണ് ഇപ്പോഴും പാർട്ടിയുടേത്. അതിനാൽ തന്നെ അഴിമതിക്കേസിൽ പ്രതിയാക്കിയെങ്കിലും പ്രതിപക്ഷനേതാവ് പദവിയിൽനിന്ന് പിണറായി വിജയൻ മാറിനിൽക്കില്ല. ലാവ്ലിൻ കേസിൽ പ്രതിയാക്കിയപ്പോൾ, പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നു. സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും ഔദ്യോഗിക ഭരണപദവികൾ വഹിക്കുമ്പോഴാണ് അത്തരം പ്രശ്നങ്ങളുള്ളതെന്നുമായിരുന്നു അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. ഇപ്പോൾ പിണറായി പ്രതിപക്ഷനേതാവ് എന്ന ഔദ്യോഗിക പദവിയിലാണ്. പക്ഷേ, പ്രകാശ് കാരാട്ട് വിശദീകരിക്കുന്ന ഘട്ടത്തിലെ രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴത്തേതെന്നാണ് സി.പി.എം. നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
പിണറായി രാജിവെക്കണമെന്ന ആവശ്യം ഉയർത്തുന്നത് BJP മാത്രമാണെന്നതും ശ്രദ്ധിക്കണം. തൽക്കാലം അത്തരം രാഷ്ട്രീയവാദം ഉയർത്താൻ യു.ഡി.എഫ്. തയ്യാറാകില്ല. കേസിന്റെ ഗതിനോക്കി മാത്രം ഇതിൽ രാഷ്ട്രീയ അഭിപ്രായം പറഞ്ഞാൽ മതിയെന്നാണ് യു.ഡി.എഫ്. നേതാക്കൾക്കിടയിലെ പൊതുധാരണ. ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിലെടുത്ത കേസിൽ, സർക്കാരിന് അധികതാൽപര്യമുണ്ടെന്ന പ്രതീതി ഒരുതരത്തിലും യു.ഡി.എഫ്. ഉണ്ടാക്കില്ല. UDFലെ പല ഉന്നതരുടേയും പേര് ലിസ്റ്റിലുണ്ടെന്നതും ഒരു കാരണമാകാം.
അതേസമയം, കേസിൽ ഇനി പിണറായിയുടെ പ്രതീക്ഷ സുപ്രീം കോടതിയിലാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉടൻ സുപ്രിംകോടതിയിൽ അപ്പീൽ സമർപ്പിക്കും. പിണറായിക്കായി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ഹാജരാകുമെന്നാണ് വിവരം.
പിണറായി വിജയൻ, മകൾ ടി.വീണ, മകളുടെ ഭർത്താവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഇ.ഡി. നൽകിയ കത്ത് മാത്രം പരിഗണിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നത് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നതാണ് കോടതിയിൽ ഉന്നയിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വാദം പ്രാഥമികമായി തള്ളി. പക്ഷേ, അതിൽ അൽപം കാര്യമുണ്ടെന്ന ധ്വനി കോടതിയുടെ നിഗമനത്തിലുണ്ടെന്നാണ് സി.പി.എം. നേതാക്കളോട് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയത്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിനെതിരേ നിയമപരമായ വഴിതേടാമെന്ന് ഹൈക്കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.
ഇ.ഡി. കേസുകളിൽ സുപ്രീംകോടതിയുടെ പല വിധിന്യായങ്ങളും പ്രതികളാക്കപ്പെട്ടവർക്ക് അനുകൂലമായി മാറിയിട്ടുണ്ട്. അതിലെല്ലാം ഇ.ഡി. രാഷ്ട്രീയപകപോക്കൽ നടത്തിയെന്ന നിഗമനത്തെ ശരിവെക്കുന്ന പരമാർശങ്ങളുമുണ്ട്.
സമാനമായ സാഹചര്യമാണ് പിണറായിക്കും കുടുംബത്തിനുമെതിരേ നടക്കുന്നതെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാണ് സി.പി.എം. ശ്രമിക്കുക. ഇ.ഡി.യുടെത് ആരോപണം മാത്രമാണെന്നും ആരോപണവിധേയരെക്കൂടി കേട്ടശേഷം അന്വേഷണംവേണമെന്നുമുള്ള വാദം സുപ്രീംകോടതി അംഗീകരിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് സി.പി.എം.
അതേസമയം, വിഷയം കോൺഗ്രസിനുള്ളിലും പടലപ്പിണക്കങ്ങളിളുണ്ടാക്കുന്നുണ്ട്. പിണറായി വിജയനെതിരെയുള്ള കോണ്ഗ്രസ് നിലപാടുകളില് വന് മാറ്റം സംഭവിക്കുന്നുവെന്നാണ് പ്രധാന ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ. മുരളീധരന്, വൈദ്യുത മന്ത്രി സണ്ണി ജോസഫ് എന്നിവര് ഒരുമിച്ച് പിണറായി വിജയന് അനുകൂലമായ നിലപാടിലേക്ക് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില് വന് ചര്ച്ചയായിരിക്കുകയാണ്. മുന്പ് സര്ക്കാരിനെതിരേ പ്രധാന ആയുധമാക്കിയ കേസില് ഇപ്പോള് നേതാക്കള് തിരിഞ്ഞുനില്ക്കുന്നത് അണികള്ക്കിടയില് കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. പ്രധാനമായും, ഒറ്റയാൾ പോരാട്ടം നയിക്കുന്ന മാത്യു കുഴൽനാടനെ ഇവരെല്ലാം തള്ളിപ്പറയുന്ന സാഹചര്യം ഉണ്ടാകുന്നതാണ് കോൺഗ്രസുകാരേയും ഏത് ഭാഗത്ത് നിൽക്കണം എന്ന ആശയക്കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.
നടപടികളില് സര്ക്കാരിന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് തന്നെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. ഇഡി കത്തിന്മേല് പ്രഥമിക അന്വേഷണം നടത്തണമെന്നായിരുന്നു നിയമോപദേശം. ഡിവിഷന് ബെഞ്ച് വിധിയില് സര്ക്കാരിന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല. നിയമോപദേശം ലഭിക്കുമ്പോള് അത് മാറ്റി വെച്ച് രാഷ്ട്രീയ പ്രേരിതമായ ഒരു നടപടി സ്വീകരിക്കാന് സര്ക്കാരിന് കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കേസില് കോണ്ഗ്രസും സി.പി.എമ്മും തമ്മില് പരസ്പര സഹകരണത്തിലാണെന്ന ആരോപണം കൂടുതൽ ശക്തമാകുമെന്നുറപ്പ്. പ്രതിപക്ഷവും ഭരണപക്ഷവും ഒത്തുതീര്പ്പ് രാഷ്ട്രീയത്തിലാണ് മുന്നോട്ടുപോകുന്നതെന്ന വികാരം ജനങ്ങളില് ശക്തമാകുന്നത് വരും ദിവസങ്ങളില് ബി.ജെ.പിക്ക് സംസ്ഥാനത്ത് രാഷ്ട്രീയമായി വലിയ അടിത്തറയുണ്ടാക്കാനും മുന്നേറാനും മറ്റൊരു സുവര്ണ്ണാവസരമായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര് വിലയിരുത്തുന്നത്.




