ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം. ഇന്ന് തന്നെ ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചന. നവരാത്രി അവധിയെത്തുടർന്ന് പ്രത്യേക അവധിക്കാല ബെഞ്ച് രൂപീകരിക്കുന്നതിൽ ജഡ്ജിമാരുടെ ലഭ്യത നിർണായകമാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് പരിഗണിക്കാൻ സാധിച്ചില്ലെങ്കിൽ ഈ മാസം 26ന് ഹർജി പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേസിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്കെതിരെ അപ്പീൽ നൽകാനുള്ള അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പിണറായി വിജയനുവേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയാണ് സുപ്രീം കോടതിയിൽ ഹാജരാകുന്നത്. ടി. വീണയ്ക്കും മുഹമ്മദ് റിയാസിനും വേണ്ടി മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരൻ ഹാജരാകുമെന്നാണ് വിവരം.
ഹർജി അടിയന്തരമായി പരിഗണിച്ച് ഇടക്കാല സംരക്ഷണം ലഭിച്ചില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) തടസ്സമുണ്ടാകില്ലെന്നാണ് നിലവിലെ സാഹചര്യം. അവധിക്കാലത്ത് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നതിനും അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനും ഇഡിക്ക് സാധിച്ചേക്കും.
കേസിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് തുടർ അന്വേഷണ നടപടികളിൽ നിർണായകമാകും. ഹർജി പരിഗണിക്കുന്ന തീയതിയും ഇടക്കാല ഉത്തരവുണ്ടാകുമോയെന്നതും ഇനി ശ്രദ്ധേയമാണ്.




