തൃശൂർ: കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ കേരള സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് തൃശൂരിലേക്കുള്ള യാത്ര ഒഴിവാക്കിയത്.
കോയമ്പത്തൂരിൽനിന്ന് തൃശൂരിലെത്താനായിരുന്നു വിജയ്യുടെ പദ്ധതി. എന്നാൽ പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്ന് പ്രത്യേക വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് മടങ്ങി. പിന്നീട് മറ്റൊരിക്കൽ കേരളത്തിലെത്തുമെന്ന് വിജയ് ഉറപ്പുനൽകിയതായി കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമൻ അറിയിച്ചു.
ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ എല്ലാ വർഷവും തൃശൂരിൽ വിപുലമായ നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിവിധ മേഖലകളിലെ പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വിജയ് ആദ്യമായാണ് കേരളത്തിലെത്താൻ തീരുമാനിച്ചിരുന്നത്. രണ്ടുവർഷം മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന സിനിമയുടെ ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.




