ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സിജെപി ആഹ്വാനം ചെയ്ത തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കൺവീനർ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, മാർച്ചുമായി മുന്നോട്ടുപോകുമെന്ന് സിജെപി വ്യക്തമാക്കി.
മാർച്ച് നടത്തരുതെന്ന് നിർദേശിച്ച് ദീപ്കെയുടെ വസതിയിലെത്തിയ ഡൽഹി പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതൊന്നും വകവയ്ക്കാതെ ദേശീയപതാകയേന്തി പ്രവർത്തകർ മാർച്ചുമായി മുന്നോട്ടുനീങ്ങുകയാണ്. മാർച്ച് തടയുന്നതിനായി കൊണാട്ട് പ്ലേസിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനായി ബസുകളും സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്ത് സിസിടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ദേശീയപതാകയേന്തിയെത്തിയ പ്രവർത്തകരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും പിരിഞ്ഞുപോകാതെ വിദ്യാർഥികൾ മുന്നോട്ടുനീങ്ങുകയാണ്. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കാനും നീക്കമുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണ നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. നേരത്തേ ജന്തർ മന്തറിൽ ദേശീയപതാകയേന്തി സമരം ചെയ്തതിന് കസ്റ്റഡിയിലായ നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ മോചിപ്പിക്കണമെന്നും സിജെപി ആവശ്യപ്പെടുന്നു. സംഭവങ്ങൾക്ക് പിന്നാലെ സെൻട്രൽ പാർക്ക് അടച്ചു.



