കൊച്ചി: ബോഡി ബിൽഡിങ് താരങ്ങളായ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവരുടെ പൊലീസ് നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളിൽ നേരിട്ട് അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തീർപ്പാക്കി. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിജിലൻസ് അന്വേഷണം നടത്താനുള്ള മുൻകൂർ അനുമതി സർക്കാർ നിഷേധിച്ചിട്ടുണ്ടെന്നും ഈ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവിനെതിരെ ഹർജിക്കാരന് നിയമപരമായി മുന്നോട്ടുപോകാമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
ബോഡി ബിൽഡിങ് താരങ്ങളായ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവരെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാനുള്ള നീക്കത്തിൽ അന്നത്തെ എഡിജിപി എസ്. ശ്രീജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടെന്നായിരുന്നു ഹർജിക്കാരനായ അഭിഭാഷകൻ കെ.എം. ഷാജഹാന്റെ ആരോപണം.
ചിത്തരേഷ് നടേശന് ഫ്ലാറ്റ് ഫൂട്ട് ഉള്ളതിനാൽ നിയമനത്തിന് അയോഗ്യനാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രഹസ്യ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാൽ, ആരോപണങ്ങളിൽ നേരിട്ട് വിജിലൻസ് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടില്ല.
ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമായി അംഗീകരിച്ചിട്ടില്ലാത്ത പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളിലെ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവർക്കും പൊലീസ് നിയമനം നൽകാനുള്ള സർക്കാർ നീക്കമാണ് വിവാദമായത്.
അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിലെ നേട്ടങ്ങളും കുടുംബ പശ്ചാത്തലവും പരിഗണിച്ചായിരുന്നു തീരുമാനമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം നടത്താൻ നീക്കം നടന്നത്. അതേസമയം, അംഗീകൃത കായിക ഇനങ്ങളിൽ മെഡൽ നേടിയ നിരവധി താരങ്ങൾ നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് ഈ നീക്കമെന്ന വിമർശനവും ഉയർന്നിരുന്നു.
പൊലീസ് കായികക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു. 100 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റർ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുത്തിരുന്നില്ല.
ഷിനു ചൊവ്വയ്ക്ക് വീണ്ടും കായികക്ഷമതാ പരീക്ഷയ്ക്ക് അവസരം നൽകാനുള്ള നീക്കത്തിനിടെ ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തിരുന്നു.
സ്പോർട്സ് ക്വാട്ട നിയമനത്തിലെ മാനദണ്ഡങ്ങളും സർക്കാർ തീരുമാനത്തിന്റെ നിയമസാധുതയും സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നടപടി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കിയെങ്കിലും സർക്കാർ ഉത്തരവിനെതിരെ നിയമപരമായി നീങ്ങാനുള്ള സാധ്യത ഹർജിക്കാരന് മുന്നിലുണ്ട്.


