കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ 17കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ. സനിൽകുമാറിനാണ് അന്വേഷണച്ചുമതല. ചൊക്ലി പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ശിവസൂര്യയെ കാണാതായിട്ട് 70 ദിവസം പിന്നിട്ടു.
മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെത്തുടർന്ന് ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ടത്. കാശിയിലേക്ക് പോകുകയാണെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും എഴുതിയ കുറിപ്പും വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. ആദ്യം ചൊക്ലി പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും പിന്നീട് വാരണാസിയിലും അന്വേഷണം നടത്തി. എന്നാൽ ഒരിടത്തുനിന്നും ശിവസൂര്യയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകളിലും 17കാരന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല.
ശിവസൂര്യയ്ക്ക് ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടെന്ന സംശയം പൊലീസിനും കുടുംബത്തിനുമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.




