കൊച്ചി: കലൂരിൽ യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 21കാരൻ അറസ്റ്റിൽ. ഇടുക്കി എലപ്പാറ കൊച്ചുകരിംതരുവി ഇല്ലിക്കൽ വീട്ടിൽ അനന്തുവിനെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, പ്രതിയും യുവതിയും നേരത്തെ പരിചയക്കാരായിരുന്നു. എന്നാൽ പ്രതിയുടെ മോശം പെരുമാറ്റത്തെത്തുടർന്ന് യുവതി ഇയാളിൽനിന്ന് അകന്നിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഒക്ടോബർ 14ന് വൈകിട്ട് ആറോടെ കലൂർ ആസാദ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി പിന്തുടർന്നു. ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തി കടന്നുപിടിച്ച പ്രതി, യുവതി എതിർത്തതോടെ മുഖത്തടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി ഉപദ്രവിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
യുവതിയുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി കലൂരിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഹോസ്റ്റലിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സി.ബി. ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ കെ.ഒ., സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഹരീഷ്, എ.എസ്.ഐ. സുനിൽ ജലീൽ, എസ്.സി.പി.ഒ. പ്രശാന്ത് ബാബു, സി.പി.ഒ. ഹരീഷ് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



