Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശുചീകരണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; വേളി തീരത്ത് പ്ലാസ്റ്റിക് നർഡിൽസ് വിതറുന്ന ദൃശ്യങ്ങൾ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എംഎസ്‌സി കപ്പൽ അപകടത്തെത്തുടർന്ന് കടൽത്തീരങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് നർഡിൽസ് നീക്കം ചെയ്യുന്നതിന്റെ മറവിൽ വൻ തട്ടിപ്പിന് ശ്രമം നടന്നതായി ആരോപണം. ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നതിനായി പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക് നർഡിൽസ് കടൽത്തീരത്ത് വീണ്ടും വിതറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്വകാര്യ ഏജൻസിയായ മെർക്ക് കമ്പനിയിലെ ജീവനക്കാരൻ തിരുവനന്തപുരം വേളി കടൽത്തീരത്ത് പ്ലാസ്റ്റിക് നർഡിൽസ് വിതറുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പ്രാദേശിക മത്സ്യത്തൊഴിലാളികൾ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലത്തീൻ കത്തോലിക്ക ഐക്യവേദി നൽകിയ പരാതിയിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

പാടത്ത് വിത്ത് വിതയ്ക്കുന്നതുപോലെ വേളി ബീച്ചിലൂടെ നടന്നുപോകുന്ന തൊഴിലാളി പ്ലാസ്റ്റിക് നർഡിൽസ് വിതറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ശുചീകരണത്തിന്റെ പേരിൽ പണം തട്ടുന്നതിനായി നേരത്തെ നീക്കം ചെയ്ത നർഡിൽസ് വീണ്ടും തീരത്ത് വിതറുകയാണെന്നാണ് ആരോപണം. കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വർഷം മേയിലാണ് എംഎസ്‌സി കപ്പൽ കേരള തീരത്ത് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 630ഓളം കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതിനെത്തുടർന്ന് പ്ലാസ്റ്റിക് നർഡിൽസ് ഉൾപ്പെടെയുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞുകൂടി. ഇവ പരിസ്ഥിതിക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്ക ഉയർന്നതോടെ കടൽത്തീരങ്ങളിൽനിന്ന് നർഡിൽസ് നീക്കം ചെയ്യാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനുള്ള കരാർ മെർക്ക് എന്ന കമ്പനിക്കാണ് നൽകിയത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ശുചീകരണത്തിനായി രണ്ട് സൂപ്പർവൈസർമാർ ഉൾപ്പെടെ ഒമ്പത് ജീവനക്കാരടങ്ങുന്ന സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. ആറു മുതൽ ഏഴ് മാസം വരെയുള്ള പ്രവർത്തനങ്ങളിലൂടെ തീരങ്ങളിൽനിന്ന് പ്ലാസ്റ്റിക് നർഡിൽസ് നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നു.

എന്നാൽ, ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നതിനായി നേരത്തെ ശേഖരിച്ച് മാറ്റിയ നർഡിൽസ് വീണ്ടും തീരത്ത് വിതറുകയായിരുന്നുവെന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് വർക്കലയിലെ വെട്ടൂർ ഭാഗത്ത് പുലർച്ചെ മൂന്നുമണിയോടെ കാറിൽ ചാക്കുകളിലാക്കി കൊണ്ടുവന്ന നർഡിൽസ് തീരത്ത് വിതറാൻ ശ്രമം നടന്നിരുന്നു. ഇതേത്തുടർന്ന് പ്രദേശവാസികളും വർക്കല നഗരസഭയും ഇടപെട്ടു. പിന്നാലെയാണ് ശംഖുമുഖം, വേളി മേഖലകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഭക്ഷണത്തിന് പുറമേ 1,400 രൂപയാണ് ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് ലഭിച്ചിരുന്നതെന്നാണ് വിവരം. ശുചീകരണത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ആരോപണങ്ങളുടെ വസ്തുത പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix