ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ‘തിരംഗ യാത്ര’യിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലെടുത്ത സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ദില്ലി പൊലീസ് ദീപ്കെയെ വിട്ടയച്ചത്. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയോടെയുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷമാണ് നടപടി.
കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ തിരംഗ മാർച്ചിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
കഴിഞ്ഞ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുന്നതിനായി ദില്ലിയിലെത്തിയ ദീപ്കെയെയും സി ജെ പി നേതാക്കളായ സൗരവ് ദാസിനെയും അഷുതോഷ് റാങ്കയെയും വിമാനത്തിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്. അതേസമയം, ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായ ഐസ പ്രസിഡന്റ് നേഹ ബോറയെ ഇന്ന് രാവിലെ വിട്ടയച്ചു.
തിരംഗ യാത്രയ്ക്കിടെ ദില്ലിയിൽ സംഘർഷം
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഇന്നലെയും ദേശീയ തലസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സി ജെ പി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് പുറമേ എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, എ ഐ വൈ എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും പൗരാവകാശ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി.
ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിലായിട്ടും പൊലീസ് വിലക്ക് മറികടന്ന് കൊണാട്ട് പ്ലേസിലും സെൻട്രൽ പാർക്കിലും പ്രവർത്തകർ പ്രതിഷേധം നടത്തി. കനത്ത പൊലീസ് കാവലുണ്ടായിരുന്ന സെൻട്രൽ പാർക്കിലേക്ക് കടക്കാൻ ശ്രമിച്ചവരെ പൊലീസ് തടയുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സി ജെ പിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടിയും ഇടത് സംഘടനകളും രംഗത്തെത്തി. ദേശീയ പതാകകളുമായി നൂറുകണക്കിന് പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി.
പൊലീസ് നിയന്ത്രണങ്ങളും കസ്റ്റഡി നടപടികളും നിലനിൽക്കുന്നതിനിടയിലും നഗരമധ്യത്തിൽ പ്രതിഷേധം തുടർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ദില്ലിയിൽ രാഷ്ട്രീയ വിവാദത്തിനും സംഘർഷാവസ്ഥയ്ക്കും വഴിവെച്ചിരിക്കുകയാണ്.




