പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം പുളിമൂട് സ്വദേശിയായ ശങ്കരൻ നമ്പൂതിരി നിലവിൽ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുകയാണ്. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് അഞ്ച് തവണ അപേക്ഷ നൽകിയ ഇദ്ദേഹം മൂന്ന് തവണ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു.
കോഴിക്കോട് വടകര സ്വദേശിയായ എ. ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേൽശാന്തി. നിലവിൽ പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചുവരികയാണ് ഇദ്ദേഹം.
സന്നിധാനത്ത് തന്ത്രിമാരുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിൽനിന്നുള്ള കുട്ടിയാണ് നറുക്കെടുപ്പിലൂടെ മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.
വൃശ്ചികം ഒന്നിന് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നതോടെയാകും പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുക.




