തിരുവനന്തപുരം: കൈക്കൂലിക്ക് പരസ്യമായി വിലപേശൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. ഭൂമി തരംമാറ്റുന്നതിനും പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തു നൽകുന്നതിനുമായി പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിജിലൻസിന്റെ നടപടി.
തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ഇടത് കൗൺസിലറാണ് അജിൻ. കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നതോടെ സി.പി.എമ്മും പ്രതിരോധത്തിലായിരുന്നു.
പണം നൽകിയില്ലെങ്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ രംഗത്തിറക്കി സമരം തുടങ്ങുമെന്നായിരുന്നു കൗൺസിലറുടെ ഭീഷണി. പേയാട് സ്വദേശി സഞ്ജുവിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അജിൻ കൈക്കൂലി ആവശ്യപ്പെട്ടത്.
തൃക്കണ്ണാപുരം വാർഡിൽ 19 സെന്റ് സ്ഥലം വാങ്ങി പ്ലോട്ടുകളാക്കി വിൽക്കുകയായിരുന്നു സഞ്ജു. ആദ്യഘട്ട നിർമാണം നടക്കുന്നതിനിടെയാണ് അജിൻ ഇടപെട്ടത്. പത്ത് ലക്ഷം രൂപ കൈക്കൂലി നൽകിയാൽ സമീപത്തെ പുറമ്പോക്ക് ഭൂമി കൂടി രജിസ്റ്റർ ചെയ്തു നൽകാമെന്നായിരുന്നു വാഗ്ദാനം. പണം നൽകാൻ വിസമ്മതിച്ചാൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെക്കൊണ്ട് സ്ഥലത്ത് കൊടികുത്തിക്കുമെന്ന ഭീഷണിയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.




