മൈസൂരു: ദസറ ആഘോഷത്തിനിടെ ബലൂൺ വിൽക്കാനെത്തിയ ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മൈസൂരു അതിവേഗ കോടതി. മൈസൂരു സിദ്ധലിംഗാപുര സ്വദേശി കാർത്തിക്കിനാണ് (32) കോടതി വധശിക്ഷ വിധിച്ചത്.
2025 ഒക്ടോബർ ഏഴിനായിരുന്നു സംഭവം. ദസറ ആഘോഷത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം ബലൂൺ വിൽക്കാനെത്തിയ കുട്ടി, വിൽപ്പനയ്ക്കുശേഷം കുടുംബത്തോടൊപ്പം രാത്രി ദസറ മൈതാനത്ത് ഉറങ്ങുകയായിരുന്നു. ഇതിനിടെ രാത്രിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.
രാവിലെ കുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബം നടത്തിയ തിരച്ചിലിലാണ് മൈതാനത്തിന്റെ ഒരുഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ പരിശോധിച്ചതോടെയാണ് ലൈംഗികാതിക്രമം നടന്നതായി വ്യക്തമായത്. തുടർന്ന് കുടുംബം നരസിംഹരാജ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് 24 മണിക്കൂറിനകം പ്രതിയെ പിടികൂടി.
തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാലിന് വെടിവെച്ചാണ് പൊലീസ് കീഴടക്കിയത്. ബസ് ക്ലീനറായി ജോലി ചെയ്തിരുന്ന കാർത്തിക്, 2019-ൽ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ആ കേസിൽ നാലുവർഷത്തെ തടവുശിക്ഷ ലഭിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്. ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ വധശിക്ഷ വിധിച്ചിരിക്കുന്നത്.




