ന്യൂഡൽഹി: സിജെപിയുടെ തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്. അഭിജിത് ദീപ്കെ, നേഹ ബോറ, ആം ആദ്മി പാർട്ടി എന്നിവർക്കെതിരെയാണ് കേസുകൾ. മാർച്ചിനിടെ ആയുധങ്ങളും വടികളുമായി എത്തിയ രണ്ട് ഗാസിയാബാദ് സ്വദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 17 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കെതിരെയും നടപടിയെടുത്തു. പ്രതിഷേധക്കാർ കേന്ദ്രസേനാ ഉദ്യോഗസ്ഥനെ മർദിക്കുന്ന ദൃശ്യങ്ങളിലും അന്വേഷണം നടത്താനാണ് ദില്ലി പൊലീസിന്റെ തീരുമാനം.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള മിന്നൽ പ്രതിഷേധങ്ങൾ ദില്ലിയിൽ ഇന്നും തുടർന്നേക്കും. അഭിജിത് ദീപ്കെയെ ഇന്നലെ വിട്ടയച്ചത് കർശന ജാമ്യവ്യവസ്ഥകളോടെയാണെന്ന വിവരവും പുറത്തുവന്നു. ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിലോ അത്തരം പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതിലോ ഏർപ്പെടരുതെന്നാണ് നിർദേശമെന്നാണ് വിവരം. മാധ്യമങ്ങളുമായുള്ള ഇടപെടലുകൾക്കും നിയന്ത്രണങ്ങളുണ്ടെന്നാണ് സൂചന. ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നതിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കടുത്ത അതൃപ്തി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.
അതിനിടെ, ജന്തർ മന്തറിലെ ആദ്യ പ്രതിഷേധവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി അന്വേഷണം ആരംഭിച്ചു. പെല്ലറ്റ് ആക്രമണം, വനിതാ പ്രവർത്തകർക്കെതിരായ മർദനം എന്നിവയുമായി ബന്ധപ്പെട്ട് സമിതി തെളിവുകൾ തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനായി വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.




