കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഡയറക്ടർ ടോം ജോസഫ് പ്രതിയായ വ്യാജരേഖാ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അമേരിക്കയിലേക്ക് ആളുകളെ കടത്താൻ ഉദ്യോഗാർഥികളെ കണ്ടെത്തിയത് കത്തോലിക്കാ മെത്രാൻ സമിതിയെ മറയാക്കിയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തിന് ശ്രമിച്ച 2012ലെ കേസിൽ നാൽപ്പതോളം പേർക്കായി വ്യാജരേഖകൾ തയ്യാറാക്കിയെന്നാണ് വിവരം. ഓരോരുത്തരിൽ നിന്നും ഏകദേശം രണ്ട് ലക്ഷം രൂപ വീതം വാങ്ങിയതായും 2013ൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അമേരിക്കൻ കോൺസുലേറ്റിലെ അഭിമുഖത്തിൽ വിജയിക്കാനായി ടോം ജോസഫ് ഉദ്യോഗാർഥികൾക്ക് പരിശീലനവും നൽകിയിരുന്നു.
2012 മെയ് മാസത്തിലാണ് തട്ടിപ്പിന് തുടക്കമാകുന്നത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ യുവജന വിഭാഗമായ കെസിവൈഎമ്മിലെ അംഗങ്ങളെയാണ് ടോം ജോസഫ് ലക്ഷ്യമിട്ടത്. ഫാദർ ജെയ്സൺ കൊള്ളന്നൂരിനെ കൂടി കൂട്ടുപിടിച്ചായിരുന്നു തട്ടിപ്പെന്നാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്. മനുഷ്യക്കടത്ത് കേസിൽ മൂന്നാം പ്രതിയാണ് ഇദ്ദേഹം.
2012 മെയ് 27 മുതൽ ജൂൺ ഒന്ന് വരെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാൻ യുവാക്കളെ അയക്കാൻ താൽപര്യമുണ്ടോ എന്ന് ടോം ജോസഫ് വൈദികനോട് ചോദിക്കുകയായിരുന്നു. ഒന്നാം പ്രതിയായ ടോം ജോസഫിന്റെ തട്ടിപ്പ് തിരിച്ചറിയാതെയാണ് താൻ ഇതിന് സമ്മതിച്ചതെന്ന് വൈദികൻ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. യുവാക്കളിൽ നിന്ന് പണം സ്വീകരിച്ചതും കെസിബിസിയുമായി ബന്ധപ്പെട്ട വൈദികന്റെ അക്കൗണ്ട് വഴിയായിരുന്നു.
ആദ്യ ഗഡുവായി 1.55 ലക്ഷം രൂപ വീതം സ്വീകരിച്ചതിന് പിന്നാലെ, ഒരാൾക്ക് രണ്ട് ലക്ഷം രൂപ എന്ന കണക്കിൽ ആകെ 47.50 ലക്ഷം രൂപ സമാഹരിച്ചതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഇതിൽ 34.85 ലക്ഷം രൂപ ടോം ജോസഫ് വൈദികനിൽ നിന്ന് കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
അമേരിക്കയിൽ തൊഴിൽ ലഭിക്കാൻ ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്തവരെയാണ് സംഘം കടത്താൻ ലക്ഷ്യമിട്ടതെന്നാണ് കേസ്. പത്താം ക്ലാസ് പോലും വിജയിക്കാത്തവരും ഇതിൽ ഉൾപ്പെട്ടിരുന്നു. അമേരിക്കൻ കോൺസുലേറ്റിലെ അഭിമുഖത്തിൽ വിജയിക്കുന്നതിനായി ഷാഡ്വൽസ് എന്ന സ്ഥാപനത്തിൽ വെച്ച് ടോം ജോസഫ് ഇവർക്ക് പരിശീലനം നൽകി. അഭിമുഖത്തിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കി വിതരണം ചെയ്തതായും രേഖകളിലുണ്ട്. കെസിബിസിയുടെ പേര് ഉപയോഗിച്ച് വിശ്വാസ്യത സൃഷ്ടിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
ആദ്യഘട്ടത്തിൽ 35 പേരെ അമേരിക്കയിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിൽ വെച്ച് ഇവർ പിടിയിലായതോടെ ബാക്കിയുള്ളവരെ അയക്കുന്നതിൽ നിന്ന് ടോം ജോസഫ് പിന്മാറി. പിന്നീട് പപ്പുവ ന്യൂഗിനിയയിലേക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്തതായും പറയുന്നു. ഇതിനിടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ചിലർ പണം തിരികെ ആവശ്യപ്പെട്ടു. തുടർന്ന് വൈദികന്റെ അക്കൗണ്ട് വഴിയാണ് പണം മടക്കി നൽകിയത്.
തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതോടെ പണം തിരികെ നൽകിയെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ വാദം പരിഗണിച്ചാണ് അന്ന് വൈദികനും കെസിബിസിയുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, കേസിൽ ടോം ജോസഫ് രണ്ട് മാസത്തോളം റിമാൻഡിൽ കഴിഞ്ഞിരുന്നു.




