കൊച്ചി: എറണാകുളം കടവുഭാഗത്തെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണങ്ങൾ നടത്താൻ നിർദേശം നൽകിയത് ഉത്തരേന്ത്യൻ സ്വദേശിയായ വിക്രമാണെന്നാണ് കസ്റ്റഡിയിലുള്ള പ്രതി എബിൻ പോളിന്റെ മൊഴി. എന്നാൽ കേസിന് പിന്നിലെ ‘ബോസ്’ വിക്രം തന്നെയാണോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ലോറൻസ് ബിഷ്‌ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിൽ എബിൻ അംഗമാണെന്നും വിക്രം എന്നയാളും ഈ ഗ്രൂപ്പിലുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
സിനഗോഗ് ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ എബിൻ പോൾ ആക്രമണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ വർഷം ജനുവരിയിൽ മൂവാറ്റുപുഴ മേക്കപ്പാടത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന് തീയിട്ടാണ് പ്രതി ആദ്യ ആക്രമണത്തിന് ശ്രമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കെട്ടിടത്തിന്റെ വാതിലിന് തീയിട്ട സംഭവത്തിൽ ‘ബോസ്’ എന്നയാളുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ എബിൻ സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. ആക്രമണങ്ങൾക്കായി പരിശീലനം നൽകിയിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മൂവാറ്റുപുഴയിലെ ഉപയോഗിച്ച കാറുകളുടെ ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രതിക്ക് പണം ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കോലഞ്ചേരി സ്വദേശിയായ എബിന് ഷോറൂം ആക്രമണത്തിനുള്ള അഡ്വാൻസായി ഏകദേശം 5,000 രൂപ ക്രിപ്റ്റോ കറൻസിയായി ലഭിച്ചെന്നാണ് വിവരം. ടെലഗ്രാം ഐഡി വഴിയായിരുന്നു ആശയവിനിമയം. സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിനും പ്രതിക്ക് പണം ലഭിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയും നിർദേശങ്ങൾ നൽകിയവരുടെ പങ്കും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.




