തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്പായുടെ ഉടമസ്ഥതയിലും സാമ്പത്തിക ഇടപാടുകളിലും അനുരൂപിന് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
‘ഡ്രീം’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ നിഷാന്തിനെ ബിനാമിയാക്കിയാണ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ അനുരൂപിനെ സസ്‌പെൻഡ് ചെയ്തതായി തിരുവനന്തപുരം മേയർ അറിയിച്ചു.
മൂന്ന് മാസം മുമ്പാണ് സ്പായുടെ പ്രവർത്തനം ആരംഭിച്ചതെന്നാണ് അനുരൂപ് മൊഴി നൽകിയതെന്നാണ് വിവരം. എന്നാൽ നിഷാന്തുമായി ഇയാൾക്ക് ഏറെക്കാലമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്പായിൽ നിന്നുള്ള വരുമാനം മുഴുവൻ അനുരൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.
ദിവസം 25,000 രൂപ വരെ സ്പായിൽ നിന്ന് വരുമാനം ലഭിച്ചിരുന്നതായാണ് വിവരം. അതേസമയം, സ്ഥാപനത്തിന്റെ വാടകക്കരാർ നിഷാന്തിന്റെ പേരിലാണ് തയ്യാറാക്കിയിരുന്നത്.
കേസിൽ കൂടുതൽ സാമ്പത്തിക ഇടപാടുകളും സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.




