ശിവമോഗ: ഡെലിവറി കഴിഞ്ഞ് ഷോറൂമിൽനിന്ന് പുറത്തിറക്കിയ കാർ നിയന്ത്രണംവിട്ട് ദേശീയപാതയിലേക്ക് പാഞ്ഞുകയറി ഇരുചക്രവാഹനത്തിലിടിച്ചു. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ സാഗറിലെ സർക്കാർ കോളേജിന് സമീപമുള്ള കാർ ഷോറൂമിന് മുന്നിലായിരുന്നു സംഭവം.
ഒരു കുടുംബം പുതുതായി വാങ്ങിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഡെലിവറി ചടങ്ങുകൾ പൂർത്തിയാക്കി കാർ ഷോറൂമിൽനിന്ന് പുറത്തിറക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് മുന്നോട്ടു കുതിച്ചത്. ഷോറൂമിന് മുന്നിലെ കൈവരിയും തകർത്ത് തിരക്കേറിയ ദേശീയപാതയിലേക്ക് നീങ്ങിയ കാർ ഇരുചക്രവാഹനത്തിലിടിച്ച ശേഷം ഡിവൈഡറിലും ഇടിച്ചാണ് നിന്നത്.
ഡ്രൈവർ അബദ്ധത്തിൽ ആക്സിലറേറ്റർ ചവിട്ടിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനം പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.




