തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തുടർനടപടികളിലേക്ക് കടക്കാൻ യു.ഡി.എഫ് സർക്കാർ. ലേബർ കോഡ് പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. തൊഴിലാളി സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള സമിതി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ലേബർ കോഡ് നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 22 തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ലേബർ കോഡിലെ വ്യവസ്ഥകളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി പരിശോധിക്കാനാണ് സമിതി രൂപീകരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുക.
തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും പരാതികളും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ലേബർ കോഡ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രാധാന്യവും യോഗത്തിൽ വിശദീകരിച്ചു. വ്യവസ്ഥകളിൽ മാറ്റങ്ങൾ ആവശ്യമാണെന്ന് സമിതി നിർദേശിച്ചാൽ അത്തരം നിർദേശങ്ങളും കേന്ദ്ര സർക്കാരിനെ അറിയിക്കും.
തൊഴിലാളികൾക്ക് പ്രയാസമുണ്ടാകാത്ത വിധത്തിൽ എങ്ങനെ ലേബർ കോഡ് നടപ്പാക്കാമെന്ന കാര്യമാണ് സർക്കാർ പരിശോധിക്കുന്നത്. ലേബർ കോഡിനെതിരെ ഇടതുപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്. ദേശീയ തലത്തിൽ കോൺഗ്രസും ലേബർ കോഡിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് സംസ്ഥാന സർക്കാർ തുടർനടപടികൾ ആലോചിക്കുന്നത്.




