തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗത്തിനുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി. കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കരുതെന്നും തെറ്റായ പ്രചാരണങ്ങളിലൂടെ രോഗികളെയും കുടുംബങ്ങളെയും ആശങ്കയിലാക്കരുതെന്നും ആശുപത്രി അധികൃതർ അഭ്യർഥിച്ചു.
ഇന്ത്യൻ നിർമിത മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണെന്ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്താണ് ഈ തീരുമാനത്തിനുള്ള നടപടികൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എസ്എംഎ ക്ലിനിക്കുകൾ വഴി ഇന്ത്യൻ നിർമിത പുതിയ മരുന്ന് ആരോഗ്യവകുപ്പ് വിതരണം ചെയ്യാൻ തുടങ്ങിയത്. മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയിരുന്നത് കുട്ടികളുടെ രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കി. പുതിയ മരുന്നിന്റെ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് കൃത്യമായി നൽകിയില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു.
രക്ഷിതാക്കളുടെ ആശങ്ക ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പരീക്ഷണ മരുന്നുകൾ കുട്ടികൾക്ക് നൽകിയെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ പുതിയ മരുന്നിനെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. മരുന്നിന് രാജ്യത്ത് ആവശ്യമായ എല്ലാ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പിൾ എന്ന് രേഖപ്പെടുത്തിയ മരുന്നും യഥാർഥ മരുന്നും തമ്മിൽ വ്യത്യാസമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.
കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കുന്നതിലൂടെ കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ തെറ്റായ പ്രചാരണങ്ങൾ നടത്തി ചികിത്സാ സംവിധാനത്തെ തടസ്സപ്പെടുത്തരുതെന്നും അവർ അഭ്യർഥിച്ചു.




