മലപ്പുറം: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 81.733 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടൂർ കാരാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
കാരാട് സ്വദേശി ഷൈജേഷ് (34), നിലമ്പൂർ സ്വദേശി മഹേഷ് കുമാർ (35), കാരാട് സ്വദേശി അരുണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ സംഘമാണ് പരിശോധന നടത്തിയത്.
ഷൈജേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയ്ക്ക് പുറമെ ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5,980 രൂപയും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവിൽ നിന്ന് കാറിലാണ് പ്രതികൾ എംഡിഎംഎ എത്തിച്ചതെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെയും എക്സൈസ് കമ്മീഷണർ സ്ക്വാഡിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. അറസ്റ്റിലായ മൂന്ന് പേരെയും പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.




