തൃശ്ശൂർ: 2024ലെ തൃശ്ശൂർ പൂരം ചടങ്ങുകൾ തടസ്സപ്പെട്ട സംഭവത്തിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മുൻ പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിൽ പറയുന്നത്. ഹൈക്കോടതി നിർദേശങ്ങൾ നടപ്പാക്കാനാണ് കമ്മീഷണർ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പൂരം തടസ്സപ്പെടുത്തിയതിന് പിന്നിൽ പൊലീസിനോ മറ്റ് ബാഹ്യശക്തികൾക്കോ പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എഡിജിപിയുടെ ഭാഗത്തുനിന്ന് കൃത്യനിർവഹണത്തിലെ വീഴ്ച മാത്രമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഇക്കാര്യത്തിൽ ഡിജിപി തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
2024ലെ തൃശൂർ പൂരം ചടങ്ങുകൾക്കിടെയുണ്ടായ തടസ്സങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്.
തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുക, വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം, കേസിൽ പുതിയ സർക്കാരിന്റെ തുടർനടപടികൾ നിർണായകമാകും. സംഭവത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.




