മുംബൈ: മുംബൈ മേയർ ഋതു താവ്ഡെയുടെ ഓഫീസിനും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിക്കും നഗരത്തിലെ പ്രമുഖ സ്കൂളുകൾക്കും ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെ മേയറുടെ ഓഫീസിലേക്ക് ലഭിച്ച ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.
ഖലിസ്ഥാൻ നാഷണൽ ആർമിയുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. നഗരത്തിലെ പ്രമുഖ സ്കൂളുകൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ട്. ഭീഷണി ലഭിച്ചതിന് പിന്നാലെ മുംബൈ പൊലീസും സുരക്ഷാ ഏജൻസികളും പരിശോധന ആരംഭിച്ചു. ബോംബ് നിർവീര്യമാക്കുന്ന സംഘവും ഡോഗ് സ്ക്വാഡും ഭീഷണി സന്ദേശത്തിൽ പരാമർശിച്ച സ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി. എന്നാൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി അമിതാഭ് ബച്ചന്റെ വസതി, മേയറുടെ ഓഫീസ്, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും മുംബൈ പൊലീസിന്റെ സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


