മുംബൈ: തനിക്കൊപ്പം കളിച്ചിട്ടുള്ള താരങ്ങളെ ഉൾപ്പെടുത്തി എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവരെ ഒഴിവാക്കിയാണ് സോണി സ്പോർട്സ് നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ രഹാനെ തന്റെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ചത്.
മുരളി വിജയിയെയും ശിഖർ ധവാനെയുമാണ് ഓപ്പണർമാരായി രഹാനെ തിരഞ്ഞെടുത്തത്. മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡും നാലാം നമ്പറിൽ സച്ചിൻ ടെണ്ടുൽക്കറും ഇടംപിടിച്ചു. വിരാട് കോലിയെ ഒഴിവാക്കിയാണ് നാലാം നമ്പറിൽ സച്ചിനെ പരിഗണിച്ചത്. അഞ്ചാം നമ്പറിൽ രഹാനെ തന്നെ കളിക്കും. ആറാം നമ്പറിൽ വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും എം.എസ്. ധോണിയെയാണ് തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ആദ്യ ക്യാപ്റ്റനായിരുന്ന ധോണിക്കാണ് രഹാനെ നായകസ്ഥാനം നൽകിയത്.
ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും ടീമിലുണ്ട്. എന്നാൽ പേസ് ബൗളർമാരുടെ തിരഞ്ഞെടുപ്പാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഇന്ത്യയുടെ മികച്ച പേസർമാരിലൊരാളായ ജസ്പ്രീത് ബുംറയെ ഒഴിവാക്കിയ രഹാനെ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ എന്നിവരെയാണ് പേസ് നിരയിൽ ഉൾപ്പെടുത്തിയത്.
ജൂലൈയിൽ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച രഹാനെ ഇന്ത്യയ്ക്കായി 85 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 5,077 റൺസ് നേടിയിട്ടുണ്ട്. 2020–21ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയെ ബോർഡർ–ഗവാസ്കർ ട്രോഫി വിജയത്തിലേക്ക് നയിച്ചതും രഹാനെയായിരുന്നു.
അജിങ്ക്യ രഹാനെ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ഇലവൻ:
മുരളി വിജയ്, ശിഖർ ധവാൻ, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, അജിങ്ക്യ രഹാനെ, എം.എസ്. ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ.




