വിദേശ രാജ്യങ്ങളില്‍ നിന്ന് വിലകൂടിയ പുതിയ സ്മാര്‍ട്ട്ഫോണുകള്‍, വിശേഷിച്ചും ഐഫോണുകള്‍ വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്ന ഒരുപാട് പ്രവാസികളുണ്ട്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ചിലപ്പോൾ മറിച്ച് വിൽക്കാനോ വരെ ഇങ്ങനെ ചെയ്യുന്നവരുണ്ട്. എന്നാൽ ഇനി ഈ പണി ചെയ്യുന്നതിന് മുമ്പ് ഒന്നുകൂടി ശ്രദ്ധിക്കുക – പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാകുന്നു. പുതിയ ഫോണുകള്‍ കൊണ്ടുവരുമ്പോള്‍ കസ്റ്റംസ് തീരുവ നല്‍കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന സംശയം പലപ്പോഴും യാത്രക്കാര്‍ക്കിടയില്‍ ഉയരാറുണ്ട്. അടുത്തിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ ഐഫോണ്‍ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് യാത്രക്കാരനും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായ സംഭവത്തെ തുടര്‍ന്നാണ് ഈ വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്.
വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ പുതിയ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ കൊണ്ടുവരുമ്പോള്‍ നിയമപ്രകാരമുള്ള ഡ്യൂട്ടി അടയ്ക്കാന്‍ തയ്യാറാകണം. വ്യക്തിഗത ഉപയോഗം എന്ന വാദം ഉന്നയിച്ചുകൊണ്ട് മാത്രം നികുതി വെട്ടിക്കാന്‍ കഴിയില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളിലെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പ്രവാസികളും യാത്രക്കാരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ യാത്രക്കാരന് കൊണ്ടുവന്ന ഐഫോണ്‍ തീരുവ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഐഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നതല്ലെന്ന് പരിശോധനയില്‍ വ്യക്തമായതും ഫോണില്‍ സിം ഉണ്ടായിരുന്നില്ലെന്നതും കണക്കിലെടുത്തായിരുന്നു നടപടി.
കോഴിക്കോട് സ്വദേശിയായ അജാസ് എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍നിന്ന് കൊച്ചിയില്‍ എത്തിയപ്പോഴാണ് സംഭവം. നിരന്തരം വിദേശയാത്ര നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഐഫോണുകള്‍ കസ്റ്റംസ് കണ്ടെത്തി. ഇതിലൊന്ന് സ്ഥിരമായി ഉപയോഗിക്കുന്നതായിരുന്നു. രണ്ടാമത്തേത് കവര്‍ എടുത്തുമാറ്റിയ പുതിയ ഫോണായിരുന്നു. ഇതിന് ഡ്യൂട്ടി അടയ്ക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരന് തയ്യാറായില്ല. തുടര്‍ന്ന് സിഐഎസ്എഫ് ഇയാളെ നെടുമ്പാശ്ശേരി പൊലീസിനെ ഏല്പിച്ചു. കേസെടുത്തശേഷം ജാമ്യത്തില്‍വിട്ടു.
വിദേശത്തുനിന്ന് പുതിയ ഫോണ്‍ വാങ്ങി യാതൊരുവിധ കസ്റ്റംസ് ഡ്യൂട്ടിയും നല്‍കാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. ഇന്ത്യയിലെ നിലവിലെ ലഗേജ് നിയമങ്ങള്‍ പ്രകാരം യാത്രക്കാര്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ പരിശോധിക്കാനും നികുതി ഈടാക്കാനും കസ്റ്റംസ് വകുപ്പിന് പൂര്‍ണ്ണ അധികാരമുണ്ട്. വ്യക്തിപരമായ ആവശ്യത്തിനാണ് ഫോണ്‍ ഉപയോഗിക്കുന്നത് എന്ന വാദം മാത്രം പറഞ്ഞ് നികുതിയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
വിദേശത്തുനിന്ന് കൊണ്ടുവരുന്ന പുതിയതും ഇതുവരെ ഉപയോഗിക്കാത്തതുമായ ഫോണുകള്‍ വ്യക്തിഗത ഉപയോക്തൃ സാധനങ്ങളുടെ പട്ടികയില്‍ പെടുത്തണമെന്നില്ല. യാത്രക്കാരന് ഇതിനകം തന്നെ മറ്റൊരു ഫോണ്‍ സ്വന്തമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍, പുതുതായി കൊണ്ടുവരുന്ന ഫോണ്‍ പൂര്‍ണ്ണമായും പുതിയ ഉല്‍പ്പന്നമായിട്ടാണ് കസ്റ്റംസ് കണക്കാക്കുന്നത്. ഇത്തരത്തിലുള്ള പുതിയ ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് നികുതി ബാധകമാണെന്നാണ് നിയമം വ്യക്തമാക്കുന്നത്.
യാത്രക്കാര്‍ വിദേശത്തുനിന്ന് വിലകൂടിയ ഫോണുകള്‍ വാങ്ങുമ്പോള്‍ കൃത്യമായ ബില്ലുകളും രേഖകളും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഫോണിന്റെ വിലയും വാങ്ങിയ സ്ഥലവും തെളിയിക്കാന്‍ ഈ രേഖകള്‍ ആവശ്യമായി വരും. തങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ ഫോണും പുതുതായി വാങ്ങിയ ഫോണും തമ്മിലുള്ള വ്യത്യാസം കസ്റ്റംസ് പരിശോധനയില്‍ ബോധ്യപ്പെടുത്തേണ്ടി വരാറുണ്ട്.
പലരും വിദേശ വിലക്കുറവ് കണക്കിലെടുത്താണ് ഐഫോണുകള്‍ അടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഫോണുകള്‍ പുറത്തുനിന്ന് വാങ്ങുന്നത്. എന്നാല്‍ വിമാനത്താവളത്തിലെത്തിക്കഴിഞ്ഞാല് കസ്റ്റംസ് നിയമപ്രകാരമുള്ള നികുതി നല്‍കേണ്ടി വരുന്നത് പലപ്പോഴും യാത്രക്കാര്‍ക്ക് വലിയ ബാധ്യതയായി മാറാറുണ്ട്. നികുതി അടയ്ക്കാതെ ഗ്രീന്‍ ചാനല്‍ വഴി കടന്നുകളയാന്‍ ശ്രമിക്കുന്നത് നിയമനടപടികള്‍ക്ക് കാരണമാകാം. നിരോധിതമോ നികുതി നല്‍കേണ്ടതോ ആയ വസ്തുക്കള്‍ കൈവശമുണ്ടെങ്കില്‍ യാത്രക്കാര്‍ റെഡ് ചാനല്‍ വഴി കസ്റ്റംസ് അധികൃതരെ വിവരം അറിയിക്കണം. നിയമപരമായ കാര്യങ്ങളില്‍ വ്യക്തതയില്ലാതെ യാത്ര ചെയ്യുമ്പോള്‍ ഇത്തരം അപ്രതീക്ഷിത പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വിദേശത്തുനിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 2026-ലെ പുതിയ ബാഗേജ് നിയമങ്ങള്‍ എന്തൊക്കെയാണ്? വിദേശ രാജ്യങ്ങളില്‍ നിന്ന് അവധിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ശേഷം നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്കായി കസ്റ്റംസ് വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ‘2026-ലെ ബാഗേജ് നിയമങ്ങള്‍’ നിലവില്‍ വന്നിട്ടുണ്ട്. വിദേശത്തുനിന്ന് വിലകൂടിയ സാധനങ്ങളും ഇലക്ട്രോണിക് ഗാഡ്ജെറ്റുകളും കൊണ്ടുവരുമ്പോള്‍ യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ഈ നിയമത്തിലുണ്ട്. വിമാനത്താവളങ്ങളിലെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഈ നിയമങ്ങളെക്കുറിച്ചുള്ള അറിവ് ഓരോ പ്രവാസിക്കും അത്യാവശ്യമാണ്.
യാത്രക്കാരന് യാത്രയ്ക്കിടയിലോ ദൈനംദിന ജീവിതത്തിലോ ഉപയോഗിക്കാന്‍ ആവശ്യമായ പുതിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കളാണ് ‘വ്യക്തിഗത വസ്തുക്കള്‍’ എന്ന് അറിയപ്പെടുന്നത്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടണം. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച വ്യക്തിഗത വസ്തുക്കള്‍ പരിധിയില്ലാതെ തീരുവതരഹിതമായി കൊണ്ടുവരാം. പുതിയ പാക്കിങ്ങില്‍ കാണപ്പെടുന്ന സാധനങ്ങളൊഴികെ, കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും പുതിയതാണോയെന്ന് പരിശോധിക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. കൊണ്ടുവരുന്ന പുതിയ വസ്തുക്കള്‍ക്ക് 75,000 രൂപവരെ ഇളവുണ്ട്. അതിനു മുകളില്‍ വരുന്നവയ്ക്ക് വിലയുടെ തീരുവ അടയ്ക്കണം. കൈവശം ഒന്നില്‍ക്കൂടുതല്‍ ഫോണുകള്‍ ഉണ്ടെങ്കിലും അവ വ്യക്തിപരമായി ഉപയോഗിക്കുന്നതാണെങ്കിലും നികുതി നല്‍കേണ്ടി വരും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ് ടോപ്പിനും ഇതേ നിയമമാണ് ബാധകം. എല്‍.ഇ.ഡി. ടി.വി.കള്‍ എത്ര ചെറുതാണെങ്കിലും ഉപയോഗിച്ചതാണെങ്കിലും നികുതി നിര്‍ബന്ധമായും അടയ്ക്കണം.
വിദേശ ഷോപ്പിംഗിന്റെ ലാഭം നോക്കി എയർപോർട്ടിലെ ഗ്രീൻ ചാനൽ വഴി തടിയൂരാൻ നോക്കിയാൽ പിന്നീട് വിയർക്കേണ്ടത് കസ്റ്റംസ് കസേരയ്ക്ക് മുന്നിലായിരിക്കും! പുതിയ നിയമങ്ങളും കർശന പരിശോധനകളും തിരിച്ചറിയാതെ വിലകൂടിയ ഗാഡ്ജെറ്റുകളുമായി ഇനി വിമാനമിറങ്ങിയാൽ, ആവേശം സമ്മാനിക്കേണ്ട സമ്മാനപ്പൊതികൾ നിയമക്കുരുക്കുകളിൽ പെട്ട് വെട്ടിലാകും. അതിനാൽ അറിവോടെ യാത്ര ചെയ്യുക, അനാവശ്യ പിഴകളിൽ നിന്നും നിയമനടപടികളിൽ നിന്നും സുരക്ഷിതരായിരിക്കുക!


