ന്യൂഡൽഹി: വോട്ടർപട്ടികയിലെ പിഴവുകളും പൊരുത്തക്കേടുകളും കണ്ടെത്താൻ ഉപയോഗിക്കുന്ന എസ്‌ഐആർ സോഫ്റ്റ്‌വെയറിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകവേ, സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിവരങ്ങൾ ‘ട്രേഡ് സീക്രട്ട്’ വിഭാഗത്തിൽപ്പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ വിശദാംശങ്ങൾ ഒഴിവാക്കിയത്.
വോട്ടർപട്ടികയിലെ തെറ്റായതും സംശയാസ്പദവുമായ എൻട്രികൾ കണ്ടെത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനരീതിയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് കമ്മീഷന്റെ നിലപാട്. സോഫ്റ്റ്‌വെയറിന്റെ പേര്, പിഴവുള്ള വോട്ടർ എൻട്രികൾ സ്വയം കണ്ടെത്താനുള്ള സംവിധാനം, നിർമിതബുദ്ധിയുടെ (AI) ഉപയോഗം തുടങ്ങിയ കാര്യങ്ങളിലാണ് വിവരാവകാശ അപേക്ഷയിൽ വിശദീകരണം തേടിയിരുന്നത്.
തെലങ്കാന സ്വദേശിയായ എം.എ. മുജീബ് ആയൂബാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. എന്നാൽ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യസ്വഭാവമുള്ളതാണെന്നും വ്യാപാര രഹസ്യങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും ചൂണ്ടിക്കാട്ടി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയില്ലെന്നാണ് കമ്മീഷൻ അറിയിച്ചത്.
സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനരീതിയും അതിലെ സാങ്കേതിക സംവിധാനങ്ങളും സംബന്ധിച്ച് വ്യക്തത ലഭിക്കാത്ത സാഹചര്യത്തിൽ കമ്മീഷന്റെ മറുപടി പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
എസ്‌ഐആർ നടപടികളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. സോഫ്റ്റ്‌വെയറിലെ ചില ഓപ്ഷനുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണർമാർ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്.
വോട്ടർപട്ടികയിലെ പിഴവുകൾ കണ്ടെത്തുന്നതിൽ സോഫ്റ്റ്‌വെയർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, പരിശോധനകൾ എത്രത്തോളം സ്വയമേവയാണ് നടക്കുന്നത്, നിർമിതബുദ്ധി ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തത ലഭിക്കാത്തത് വിവാദത്തിന് ആക്കം കൂട്ടുന്നു.
സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കമ്മീഷന്റെ നിലപാടും വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിൽ സാങ്കേതിക സംവിധാനങ്ങൾ വഹിക്കുന്ന പങ്കും ഇനി കൂടുതൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.




